പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം തിയറ്ററുകളിലെത്തിയ വിനീത് ശ്രീനിവാസന് ത്രില്ലറാണു "കരം'. "ഹൃദയം', "വര്‍ഷങ്ങള്‍ക്കുശേഷം' എന്നീ മെറിലാന്‍ഡ് ചിത്രങ്ങള്‍ക്കുശേഷം വീനിത് ഒരുക്കിയ "കര'ത്തില്‍ നോബിള്‍ ബാബു തോമസാണു നായകന്.
തട്ടത്തിൻ മറയത്ത്, തിര, ജേക്കബിന്റെ സ്വർഗരാജ്യം എന്നീ ചിത്രങ്ങൾക്കുശേഷം വിനീതിനൊപ്പം ജോമോൻ ടി. ജോണും ഷാൻ റഹ്മാനും ഒരുമിക്കുന്ന ചിത്രം. വിനീത് സണ്‍ഡേ ദീപികയോടു സംസാരിക്കുന്നു.
തട്ടിക്കൊണ്ടുപോകൽ- രക്ഷപ്പെടുത്തൽ എന്നതിനപ്പുറം സിനിമയുടെ പുതുമ..?

ഒരു പരിചയവുമില്ലാത്ത ഒരു സാഹചര്യത്തില്‍ ഒട്ടും പ്രതീക്ഷിക്കാത്ത ഒരവസ്ഥയിൽ പെട്ടുപോകുമ്പോള്‍ തടസങ്ങൾ മറികടന്ന് അതില്‍നിന്നു പുറത്തുകടക്കാന്‍ മിലിട്ടറി പശ്ചാത്തലമുള്ള, സൈനിക പരിശീലനം നേടിയ ഒരാള്‍ തന്റെ പരിശീലന വൈദഗ്ധ്യവും ബുദ്ധിയുമുപയോഗിച്ച് ഒറ്റയ്ക്ക് എന്തു ചെയ്യുന്നു എന്നതാണ് പ്രേക്ഷകര്‍ക്കു രസാവഹമാവുക. സ്ക്രിപ്റ്റിൽ അതൊക്കെ പുതുമയുള്ള രീതിയില്‍ നോബിള്‍ വര്‍ക്ക് ചെയ്തിരുന്നു.
വലിയ താരങ്ങളെ പരിഗണിക്കാതെ നോബിളിനെ നായകനാക്കിയത്..?

നോബിളില്‍ നിന്ന് ഈ കഥ കേട്ടപ്പൊഴൊക്കെ ദേവ് മഹേന്ദ്രനായി ഞാന്‍ നോബിളിനെത്തന്നെയാണു കണ്ടിട്ടുള്ളത്. ഞാന്‍ ഡയറക്ടറായി വന്നശേഷം മറിച്ചൊരാലോചന ഉണ്ടായിട്ടില്ല. ആ വേഷം വളരെ അറിയപ്പെടുന്ന ഒരു നടന് ചെയ്യുന്നതിനുപകരം പുതിയ ഒരാളാകുമ്പോള്‍ അവസാനം അയാള്‍ ഇതില്‍ വിജയിക്കുമോ ഇല്ലയോ എന്നൊക്കെയുള്ള ആശങ്ക ആളുകളുടെ മനസില്‍ കിടക്കും.
അത് ഇത്തരം സിനിമയ്ക്കു ഗുണകരമാകുമെന്നാണ് തോന്നിയിട്ടുള്ളത്. ഉദാഹരണത്തിനു "ട്രാഫിക്’ എന്ന സിനിമയില്‍ അച്ഛനാണു വണ്ടിയോടിച്ച് ആ ഹൃദയം കൊണ്ടുപോകുന്നത്. അയാള്‍ അവിടെ എത്തുമോ ഇല്ലയോ എന്നൊരു ടെന്‍ഷന്‍ പ്രേക്ഷകര്‍ക്കും ഉണ്ടായിട്ടുണ്ടാവും.
ഫീല്‍ഗുഡ് ഡ്രാമകളില്‍ നിന്നു തത്കാലം വഴിമാറുകയാണോ..?

പൊതുവെ എനിക്കു ത്രില്ലറുകള്‍ ഇഷ്ടമാണ്. "വര്‍ഷങ്ങള്‍ക്കുശേഷ’ത്തിനു മുമ്പുതന്നെ ഫീല്‍ഗുഡില്‍ നിന്നു മാറി ഒരു സിനിമ ചെയ്യണമെന്നുണ്ടായിരുന്നു. 2023ല്‍ ഈ സ്ക്രിപ്റ്റ് കേട്ടപ്പോള്‍ ഇതു ഞാന്‍ സംവിധാനം ചെയ്തോട്ടെ എന്നു നോബിളിനോടു ചോദിച്ചതും അതുകൊണ്ടുതന്നെ.
മേക്കിംഗില്‍ നേരിട്ട പ്രധാന വെല്ലുവിളി..?
നോബിള്‍ എന്റെ അടുത്ത സുഹൃത്തായതിനാലും ഞങ്ങള്‍ തമ്മിള്‍ അത്രമേല്‍ ധാരണയുള്ളതുകൊണ്ടും സ്ക്രിപ്റ്റിംഗ് സമയത്തു ചര്‍ച്ചകള്‍ ധാരാളമുണ്ടായി. ആവശ്യമായ തിരുത്തലുകള്‍ക്കും ബുദ്ധിമുട്ടുണ്ടായില്ല. പക്ഷേ, ഇതിന്റെ പ്രീ-പ്രൊഡക്ഷന്‍ തൊട്ട് ജോര്‍ജിയയിലെ ഷൂട്ട് ആസൂത്രണവും അതു നടത്തിയെടുക്കലും വമ്പന്‍ പണിയായിരുന്നു.

ഞാനോ വിശാഖോ മുമ്പ് ഒരു യൂറോപ്യന്‍ രാജ്യത്തും ഷൂട്ട് ചെയ്തിട്ടില്ല. അവിടെ വരാനിടയുള്ള ബുദ്ധിമുട്ടുകളെക്കുറിച്ച് ഞങ്ങള്‍ക്ക് ഒരു പരിധിയിലധികം അറിയുകയുമില്ല. കാലാവസ്ഥയുമായി ബന്ധപ്പെട്ടും പ്രയാസങ്ങളുണ്ടായി. അതുകൊണ്ടുതന്നെ ഞങ്ങള്‍ പ്ലാന്‍ ചെയ്തതിന്റെ ഇരട്ടിയോളം ബജറ്റിലാണ് ഷൂട്ട് തീര്‍ത്തത്.
കേരള ബ്ലാസ്റ്റേഴ്സ് മുന്‍ കോച്ച് ഇവാന് വുകോമനോവിച്ച് എത്തിയത്..?

ഞങ്ങളുടെ ആലോചനയില്‍ ആ കഥാപാത്രത്തിനു മലയാളികള്‍ക്കു പരിചിതനായ മറ്റൊരു യൂറോപ്യനില്ല. മാനേജര്‍ വഴി സമീപിച്ചപ്പോള്‍ മറുപടി പോസിറ്റീവ്. കോച്ച് എന്ന നിലയില്‍ കാമറ അഭിമുഖീകരിച്ചു ശീലമുള്ളതുകൊണ്ടും വളരെ രസമുള്ള ശരീരഭാഷയും ഡയലോഗ് ഡെലിവറിയും ഉള്ളതിനാലും ഒരു നടനായി കാമറയ്ക്കു മുന്നിലുള്ള പെരുമാറ്റരീതി രസകരമായി. ഞങ്ങളുടെ സിനിമയിലൂടെ ആശാന് കേരളത്തിലേക്കു തിരിച്ചുവന്നു എന്നത് സന്തോഷകരമാണ്.
ഓഡ്രി മിറിയം, രേഷ്മ സെബാസ്റ്റ്യന്‍..എത്രത്തോളമാണു നായികാപ്രാധാന്യം..?
ഒരു മനുഷ്യന്റെ അതിജീവനത്തിനുവേണ്ടിയുള്ള ശ്രമമാണു കഥയെങ്കിലും അതില്‍ വളരെ വലിയ പങ്കാളിത്തം ഓഡ്രി, രേഷ്മ എന്നീ നായികമാർക്കുണ്ട്. കഥയില്‍ അവരുടേതായ സംഭാവന പകരുന്ന രീതിയില്‍ തന്നെയാണ് ഇവരുടെ കഥാപാത്രങ്ങള്‍ എഴുതപ്പെട്ടിട്ടുള്ളതും അവരതു പെര്‍ഫോം ചെയ്തതും. ശ്വേതാമേനോൻ ഉൾപ്പടെ എല്ലാവര്ക്കും ഈ കഥയില്‍ കൃത്യമായ ഇടമുണ്ട്.
തിര 2 സംവിധാനം ആലോചനയിലുണ്ടോ? അടുത്ത സിനിമകള്‍...
തിരയുടെ രണ്ടാം ഭാഗത്തെപ്പറ്റി ധ്യാന്‍ ആലോചിക്കുന്നുണ്ട്. അതിന്റെ വിശദാംശങ്ങള്‍ ഞങ്ങള്‍ സംസാരിച്ചിട്ടില്ല. സംവിധാനത്തില്‍ നിന്ന് ഞാന്‍ ഒന്നൊന്നര വര്‍ഷത്തെ ഇടവേള എടുക്കുകയാണ്. രണ്ടു മൂന്നു സിനിമകള്‍ അഭിനയിക്കാന്‍ കരാറായി. അഭിനയിച്ച സിനിമകളില്‍ "ഭഭബ’യാണ് അടുത്ത റിലീസ്.
Tags : Vineeth Sreenivasan