കനലൊരുതരി മതി ആളിക്കത്താൻ എന്നു പറയുന്നതാണ് തുടരും സിനിമയിലെ മോഹൻലാൽ. തരുൺ മൂർത്തി സംവിധാനം ചെയ്ത് രജപുത്ര വിഷന്റെ ബാനറിൽ എം.രഞ്ജിത്ത് നിർമിച്ച ഈ മോഹൻലാൽ ചിത്രം പ്രതീക്ഷകളുടെ അമിതഭാരമൊന്നുമില്ലാതെയാണ് തിയറ്ററുകളിൽ എത്തിയത്.
മോഹൻലാൽ എന്ന നടന്റെ കണ്ണുകളിലെ ഞരമ്പുകൾ പോലും അഭിനയിച്ച ചിത്രം വളരെക്കാലങ്ങൾക്ക് ശേഷം മലയാളികൾ കണ്ടു എന്നും ഈ ചിത്രത്തെ വിശേഷിപ്പിക്കാം.
വിമർശനങ്ങളും വിവാദങ്ങളും മോഹൻലാലിനെ ആവോളം വേട്ടയാടി. "മോഹൻലാൽ തീർന്നു! മുഖത്ത് ഭാവമില്ല! കണ്ണുകൾ അഭിനയിക്കുന്നില്ല! താടി ബോറാണ്! തുടങ്ങി സകല ഹേറ്റ് ക്യാമ്പയിനുകളെയും ആ ഒറ്റയാൻ ഒറ്റ കുത്തിന് തീർത്തിട്ടുണ്ട്'. അതാണ് തുടരും ചിത്രത്തിലെ മോഹൻലാൽ.
ഒരു സാധാരണക്കാരന്റെ സിനിമയാണ് തുടരും. നമ്മുടെ നാട്ടിൻപുറങ്ങളിൽ കാണുന്ന ഒരു സാധാരണ കുടുംബം. ചക്കയും മാങ്ങയും പറിച്ച് അതിന്റെ ഓഹരി അയൽപക്കത്തിലുള്ളവർക്ക് പങ്കിട്ട് വരവും ചിലവും എഴുതി മക്കൾക്കും ഭാര്യയ്ക്കുമൊപ്പം ചിലവഴിക്കുന്ന ഒരു സാധരണക്കാരന്റെ കഥ.
കെ.ആർ. സുനിലും തരുൺ മൂർത്തിയും ചേർന്നെഴുതിയ ശക്തമായ തിരക്കഥയുടെ അടിത്തറയിലാണ് ചിത്രം മുന്നോട്ട് നീങ്ങുന്നത്. റാന്നിയിലെ ടാക്സി ഡ്രൈവറാണ് മോഹൻലാലിന്റെ കഥാപാത്രമായ ഷൺമുഖം. ഇളയരാജയുടെ പാട്ടുകളെ സ്നേഹിക്കുന്നൊരാൾ.
ചെറിയ വരുമാനം കൊണ്ട് തൃപ്തിയോടെ ജീവിച്ചുപോവുന്ന മനുഷ്യൻ. മറ്റൊരാൾക്ക് പോലും ഓടിക്കാൻ കൊടുക്കാത്ത പൊന്നു പോലെ സൂക്ഷിക്കുന്ന തന്റെ മാർക്ക് വൺ മോഡൽ കറുത്ത അംബാസിഡർ കാറിൽ നിന്നാണ് കഥ തുടങ്ങുന്നത്. ആ കഥ നമ്മളെ കൊണ്ടെത്തിക്കുന്നതാണ് ചിത്രം.
വിന്റേജ് മോഹൻലാൽ–ശോഭന കൂട്ടുകെട്ടിൽനിന്ന് എന്താണോ നമ്മൾ കാണാനാഗ്രഹിക്കുന്നത്, അതെല്ലാം ആദ്യത്തെ ഒരു മണിക്കൂറിൽ തരുൺമൂർത്തി അവതരിപ്പിക്കുന്നുണ്ട്. മോഹൻലാലിന്റെ തമാശകളും ആ നോട്ടവും പോലും അതേപടി ഫലിപ്പിച്ചെടുക്കാൻ തരുണിന് കഴിഞ്ഞു എന്നതാണ് ഈ ചിത്രത്തിന്റെ വിജയം.
ബിനു പപ്പുവും തോമസ് മാത്യുവും പ്രകാശ് വർമയും അബിൻ ബിനോയും ഫർഹാൻ ഫാസിലുമടങ്ങുന്നവരുടെ പ്രകടനവും ശക്തമാണ്. അതി ശക്തമായ തിരക്കഥയും സംവിധാനവും, ജെയ്ക്ക്സ് ബിജോയുടെ കിടിലൻ മ്യൂസിക് അങ്ങനെ എല്ലാം കൊണ്ട് മനസ് നിറയ്ക്കുന്ന പടം.
നനവും തെളിമയുമുള്ള ദൃശ്യങ്ങളൊരുക്കിയ ഛായാഗ്രഹകന്റെ മിടുക്ക് എടുത്തുപറയേണ്ടതാണ്. കഥയുടെ പിരിമുറുക്കം കൂടിവരുമ്പോൾ കാമറ കൊണ്ട് മാജിക്ക് കാണിക്കുകയാണ് ഷാജികുമാർ.
ചിത്രത്തിന്റെ എഡിറ്ററായിരുന്ന നിഷാദ് യൂസഫ് പാതിവഴിയിൽ അപ്രതീക്ഷിതമായാണ് വിടപറഞ്ഞത്. പിന്നീടെത്തിയ വി.ബി.ഷഫീഖ് നിഷാദും കൃത്യമായി ഓരോ ഷോട്ടുകളെയും തുന്നിച്ചേർത്തു.
വളരെ ലളിതമായ കഥയാണ് ചിത്രത്തിന്റേത്. എന്നാൽ ആ കഥയെ തരുൺ അവതരിപ്പിച്ചിരിക്കുന്നതാണ് ചിത്രത്തിന്റെ വിജയം. അതിനപ്പുറം മോഹൻലാൽ എന്ന നടന്റെ അസാധ്യ അഭിനയവും.
""ഒരു കടലാണ് മോഹൻലാൽ ...ആ ആഴം അറിഞ്ഞുവേണം അദ്ദേഹത്തിന് വേണ്ടിയുള്ള കഥാപാത്രങ്ങൾ ഒരു സംവിധായകനും തിരക്കഥാകൃത്തും തിരഞ്ഞെടുക്കാൻ... അങ്ങനെയാകുമ്പോൾ അദ്ദേഹത്തിന്റെ മുടി മാത്രമല്ല കണ്ണിന്റെ ഞരമ്പ് വരെ അഭിനയിക്കും... കനൽ ഒരു തരി മതി.... അതു കൂട്ടിയിട്ട് ആളിക്കത്തിച്ച തരുണിന് നന്ദി....ഇനിയും 'തുടരും' മലയാളത്തിന്റെ വിസ്മയം''