പാരമ്പര്യവും ഭക്തിയും അധികാരവും വിശ്വാസവുമെല്ലാം ഇഴചേരുന്ന വിസ്മയക്കാഴ്ചകളുമായി കന്നഡ മെഗാഹിറ്റ് "കാന്താര'യുടെ പ്രീക്വല്‍ "കാന്താര -എ ലെജന്‍ഡ്-ചാപ്റ്റര്‍ വണ്‍' തിയറ്ററുകളില്‍. ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ച ഋഷഭ് ഷെട്ടിതന്നെ കഥാനായകന്. കെജിഎഫ്, സലാര്‍ തുടങ്ങിയ വിജയചിത്രങ്ങളിലൂടെ പ്രശസ്തമായ ഹോംബാലെ ഫിലിംസാണു നിര്‍മാണം. വിതരണം പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്.
"കാന്താരയ്ക്കു മുന്നേ എന്താണു നടന്നതെന്നു പറയുന്ന സിനിമയാണിത്. പക്ഷേ, കാന്താര വേള്‍ഡില്‍ തന്നെയാണ് ഈ സിനിമയുടെയും അന്വേഷണങ്ങള്‍. കര്‍ണാടകയിലെ കദംബ രാജവംശത്തിന്റെ ഭരണകാലമാണ് പശ്ചാത്തലം. സ്വേച്ഛാധിപതിയായ രാജാവും കാന്താരയിലെ ഗോത്രവര്‍ഗക്കാരും തമ്മിലുള്ള സംഘര്‍ഷങ്ങളിലൂടെയാണു കഥാസഞ്ചാരം.'-പ്രമോഷന് പരിപാടിയില്‍ ഋഷഭ് ഷെട്ടി പറഞ്ഞു.
വിശ്വാസപ്പിറവി തേടി കാന്താരയെന്ന നിഗൂഢ വനത്തിലെ ഗോത്രവാസികളുടെ നായകനാണ് ഋഷഭ് ഷെട്ടി അവതരിപ്പിക്കുന്ന ഈശ്വരന്റെ രക്ഷാകവചമുള്ള ബെർമയെന്ന വീരപുരുഷൻ. ഏതാണ്ട് 1500 വർഷം മുന്‍പുള്ള കാന്താരയും സമീപനാടായ ബാംഗ്രയുമാണ് കഥാപശ്ചാത്തലം.
നാല്, അഞ്ച് നൂറ്റാണ്ടുകളിലെ കഥയായതിനാല്‍ ഈ സിനിമയ്ക്കു റഫറന്സുകളില്ലായിരുന്നുവെന്ന് ഋഷഭ്. കാന്താരയിലെ വിശ്വാസങ്ങളുടെ ഉദ്ഭവം. അതാണു സിനിമ തേടുന്നത്. "വായിച്ചറിഞ്ഞതും പറഞ്ഞുകേട്ടതും ചര്‍ച്ചകളില്‍ രൂപപ്പെട്ടതുമൊക്കെ വെവ്വേറെ ചിന്തകള്‍. തിരക്കഥയൊരുക്കുന്നതിനു മുന്നോടിയായി ദൈവ നര്‍ത്തകര്‍, ഈ രംഗത്തെ ഗവേഷകര്‍ എന്നിവരുമായി സംസാരിച്ചു. അനിരുദ്ധ് മഹേഷ്, ഷനീല്‍ ഗൗതം എന്നിവരും രചനയില്‍ സഹായികളായി.
ഓരോ കഥാപാത്രത്തിന്റെയും രൂപഭാവങ്ങള്‍ ഡിസൈനറെ ബോധ്യപ്പെടുത്തി, ഓരോ ഫ്രെയിമും സ്കെച്ച് ചെയ്ത്... അങ്ങനെ ടീംവര്‍ക്കിലൂടെ, അരവിന്ദ്, ബംഗ്ലാന്‍, അജനീഷ്, രമേഷ് സി.പി... പ്രതിഭകളുടെ പിന്‍ബലത്തിലാണ് ഈ സിനിമയുണ്ടായത്. ആക്ഷന്‍ കൊറിയോഗ്രഫര്‍ അര്ജുന്രാജാണു സംഘട്ടന രംഗങ്ങളൊരുക്കിയത്. ഇവരെല്ലാവരും ചേര്‍ന്നതാണു കാന്താര'-ഋഷഭ് പറയുന്നു.
ജയറാം, ഗുൽഷൻ, രുക്മിണി വസന്ത്

ബാംഗ്രയിലെ രാജശേഖര രാജാവായി ജയറാമും മകൻ കുലശേഖരനായി ഗുല്‍ഷന്‍ ദേവയ്യയും സ്ക്രീനിലെത്തുന്നു. യുവറാണി കനകവതി എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന കന്നട അഭിനേത്രി രുക്മിണി വസന്ത് നാടക പശ്ചത്തലത്തില്നിന്നാണു സിനിമയിലെത്തിയത്. പതിമൂന്നാം വയസില്‍ സ്കൂള്‍ നാടകത്തില്‍ അരങ്ങേറ്റം കുറിച്ച രുക്മിണി പിന്നീടു ലണ്ടനിലെ റോയല്‍ അക്കാദമി ഓഫ് ഡ്രമാറ്റിക് ആര്‍ട്സില്‍ നിന്ന് അഭിനയപരിശീലനം നേടി. 2018ല്‍ ബീര്‍ബല്‍ എന്ന കന്നടചിത്രത്തിലൂടെ ബിഗ് സ്ക്രീനില്‍. ശിവകാര്ത്തികേയന് ചിത്രം മദ്രാസിയില്‍ രുക്മിണി നിർണായക വേഷത്തിലെത്തിയിരുന്നു.
മലയാളത്തിളക്കം
കാന്താരയുടെ സാങ്കേതികമികവിനു പിന്നിലുമുണ്ട് ഒരുപിടി മലയാളികള്‍. ദേശീയപുരസ്കാര ജേതാവ് എം. ആര്. രാജാകൃഷ്ണനാണ് ഓഡിയോഗ്രഫർ. രമേഷ് സി.പിയും ശ്രീക് വാര്യരുമാണു കളറിസ്റ്റുകള്. കമ്മാരസംഭവം, കുറുപ്പ്, ലക്കി ഭാസ്കര്‍ തുടങ്ങിയ പീര്യേഡ് സിനിമകളിലൂടെ ശ്രദ്ധേയനായ വിനേഷ് ബംഗ്ലാനാണു പ്രൊഡക്ഷന്‍ ഡിസൈനര്‍.
ഇന്‍ഡസ്ട്രി ഹിറ്റായ ലോകയിലും വര്‍ക്ക് ചെയ്തിരുന്നു. കാന്താര തുടങ്ങിയ ശേഷമാണ് ലോകയുടെ ഭാഗമായതെന്നു ബംഗ്ലാന്‍ പറയുന്നു. "ലോകയില്‍ ആറു മാസവും കാന്താരയില്‍ മൂന്നു വര്‍ഷത്തോളവും. കാന്താര ഷൂട്ട് തുടങ്ങുംമുമ്പ് ഋഷഭ്സാര് അദ്ദേഹത്തിന്റെ നാടു മൊത്തത്തില്‍ എന്നെ കാണിച്ചുതന്നു. പിന്നീടു വളരെ സ്വാഭാവികമായാണ് വര്‍ക്കിലേക്കു കടന്നത്.
ഗ്രാമത്തിനുള്ളിലേക്ക് ഷൂട്ടിംഗ് കാര്യങ്ങള്‍ എത്തിക്കുക എന്നതായിരുന്നു പ്രധാന വെല്ലുവിളി. ബാക്കിയെല്ലാം നമ്മള് ഇഷ്ടം കൊണ്ട് ചെയ്യുന്നതല്ലേ. അതിനാല്‍ കാര്യമായ വെല്ലുവിളി തോന്നിയില്ല'- പ്രമോഷൻ പരിപാടിയിൽ ബംഗ്ലാന്റെ വാക്കുകൾ.
അരവിന്ദ് എസ്. കശ്യപ്
കാന്താര പോലെ തന്നെ ചാപ്റ്റര്‍ ഒന്നും നിഗൂഢമായ മറ്റൊരു ലോകമാണു വെളിപ്പെടുത്തുന്നതെന്ന് ഛായാഗ്രാഹകന്‍ അരവിന്ദ് എസ്. കശ്യപ് പറയുന്നു. "സിനിമയുടെ 60 ശതമാനത്തിലേറെ രാത്രിയിലാണു ഷൂട്ട് ചെയ്തത്. ഇടതൂര്‍ന്നതും ഒറ്റപ്പെട്ടതുമായ വനങ്ങളിലായിരുന്നു ചിത്രീകരണം. ഓരോ ദിവസവും പലതരം സംഭവങ്ങളിലൂടെയാണു കടന്നുപോയത്. കാന്താര സമയത്ത് അതൊക്കെ ഭീതിദമായിരുന്നു. പിന്നീടതു പതിവായപ്പോള്‍ അതിനൊടും പൊരുത്തപ്പെട്ടു. ഇത്തവണ കാന്താര ടീം വെല്ലുവിളികളെ ഒന്നിച്ചു നേരിട്ടു'- അരവിന്ദ് പറയുന്നു.
നിഗൂഢതകളുടെ കാട്

ദൈവിക അംശങ്ങളുമായി ഇഴചേര്‍ന്നിരിക്കുന്ന മനുഷ്യ-പ്രകൃതി ബന്ധങ്ങളുടെ കാഴ്ചകളാണു കാന്താര. നിഗൂഢമായ കാടിനുള്ളില്‍ സംഭവിക്കുന്ന കാര്യങ്ങള്‍. ആദിയില്‍ അത് എങ്ങനെയായിരുന്നുവെന്നും അന്ന് എന്താണു സംഭവിച്ചതെന്നും സിനിമ പറയുന്നതായി ഋഷഭ്. "ആദിയില്‍ നമ്മളെല്ലാവരും ആദിവാസികള്‍ തന്നെ. കാട് അല്ലെങ്കില്‍ നദി...ഈ രണ്ടിടങ്ങളില്‍ നിന്നാണു സാംസ്കാരിക വളര്‍ച്ചയുടെ തുടക്കം.
ലോകത്തവിടെയും അത് അങ്ങനെതന്നെയാണ്. അക്കാലത്തെ രാജവംശം, കൊട്ടാരം, ഗോത്രവാസികള്‍ അധിവസിച്ചിരുന്ന ഇടങ്ങള്‍...ഇവയുടെ സൂക്ഷ്മാംശം റിയലിസ്റ്റിക്കായി അവതരിപ്പിക്കണം. അതേസമയം, പ്രേക്ഷകര്‍ക്കു സിനിമാറ്റിക് അനുഭവം ലഭിക്കുകയും വേണം.' മേക്കിംഗിലുടനീളം ഈ ചിന്ത തന്നെയായിരുന്നുവെന്നും ഋഷഭ് വ്യക്തമാക്കി.
അജനീഷ്, ഹരിശങ്കര്‍
അജനീഷ് ലോകനാഥാണ് ആത്മാവില്‍ കൊരുക്കുന്ന പാട്ടുകളും ആവേശജനകമായ പശ്ചാത്തലസംഗീതവുമൊരുക്കിയത്. "അറിയില്ലാ ശിവനേ ഭക്തിപാതകൾ, അറിയുന്നതൊന്നേ ദൈവവാഴ്ത്തുകൾ' എന്ന ശാസ്ത്രീയ സംഗീത പ്രധാനമായ ഗാനം ആലപിച്ചതു യുവ ഗായകന് കെ.എസ്. ഹരിശങ്കര്‍. ഋഷഭ് ഷെട്ടിയുടെ പത്നി പ്രഗതിയാണു വസ്ത്രാലങ്കാരം.
സുരേഷ് മല്ലയ്യയാണു ചിത്രത്തിന്റെ എഡിറ്റര്‍. "ചിത്രീകരണത്തിനിടെ എനിക്കുള്‍പ്പെടെ പരിക്കുകളുണ്ടായി. പുറംലോകത്ത് എന്താണു സംഭവിക്കുന്നതെന്നറിയാതെ വനാന്തരങ്ങളിൽ മൂന്നു വര്‍ഷത്തോളം ആത്മാര്‍പ്പണത്തോടെ നടത്തിയ യാത്ര. പോസ്റ്റ് പ്രൊഡക്ഷന്‍ ടീമിനു 48 മണിക്കൂര്‍ വരെ തുടര്‍ച്ചയായി ജോലിചെയ്യേണ്ടി വന്നിട്ടുണ്ട്. '- ഋഷഭ് പറയുന്നു.
കാവല്‍ദൈവം

കാന്താരയിലെ ദൈവക്കോലം പോലെ എല്ലാ സംസ്ഥാനങ്ങളിലെയും ഗ്രാമങ്ങളിൽ ഇത്തരം ഒരു കാവല്ദൈവമുണ്ടാകുമെന്ന് ഋഷഭ്. "കേരളത്തില്‍ തെയ്യമുണ്ട്. കര്‍ണാടകയിലെ മംഗളൂരു, കുന്താപുരം തുടങ്ങിയ ഇടങ്ങളിൽ ദൈവക്കോലം. തമിഴ്നാട്ടില്‍ ഗ്രാമദൈവം.
ഞാനൊരു ഭക്തനും വിശ്വാസിയുമാണ്. നമുക്കു മേലേ ഒരു എനര്ജിയുണ്ടെന്നും അതു നമ്മെ സംരക്ഷിക്കുമെന്നുമുള്ള ചിന്ത എല്ലാവരിലുമുണ്ടാകുമല്ലോ. തീര്‍ച്ചയായും കാന്താരയിലും ആ ചിന്തയുണ്ട്. അതില്‍ വിശ്വസിക്കുന്നവരും വിശ്വസിക്കാത്തവരുമുണ്ടാവാം. നിങ്ങളുടെ വിശ്വാസത്തെ ഞാന്‍ ചോദ്യം ചെയ്യുന്നില്ല. അതിനോട് ആദരവു മാത്രം'- പ്രമോഷൻ പരിപാടിയിൽ ഋഷഭ് ഷെട്ടി പറഞ്ഞു.
Tags : Rishab Shetty Indian actor director