സഹോദരന്റെ ഭാര്യ നൽകിയ ഗാർഹിക പീഡന കേസിൽ വിചാരണ നേരിടാനൊരുങ്ങി നടി ഹൻസിക മൊത്വാനി.
ഹൻസികയുടെ സഹോദരന്റെ ഭാര്യയും നടിയുമായ മസ്കൻ നാൻസി ജെയിംസ് സമർപ്പിച്ച എഫ്ഐആർ റദ്ദാക്കണമെന്ന ഹൻസികയുടെ ഹർജി മുംബൈ ഹൈക്കോടതി തള്ളി. ഹൻസികയും അമ്മയും ശാരീരികവും മാനസികവുമായി പീഡിപ്പിച്ചെന്ന് മസ്കൻ നാൻസി നൽകിയ പരാതിയിൽ പറയുന്നു.
ഹൻസികയ്ക്കും അമ്മ ജ്യോതിക മൊത്വാനിക്കുമെതിരെ സ്ത്രീധന പീഡനം, മനഃപൂർവം ദേഹോപദ്രവം ഏൽപ്പിക്കൽ, ഭീഷണിപ്പെടുത്തൽ, അപമാനിക്കൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഹർജി തള്ളിയതോടെ താരവും അമ്മയും വിചാരണ നേരിടേണ്ടി വരും.
2021 മാർച്ചിലാണ് ഹൻസികയുടെ സഹോദരൻ പ്രശാന്ത് മൊത്വാനി മസ്കൻ നാൻസി ജെയിംസും തമ്മിലുള്ള വിവാഹം നടക്കുന്നത്. വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ നാൻസിയും ഭർത്താവ് പ്രശാന്തും വേർപിരിഞ്ഞ് താമസിക്കാൻ തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ.
ഭർതൃവീട്ടുകാർ പണവും വിലകൂടിയ സമ്മാനങ്ങളും ആവശ്യപ്പെട്ട് ശാരീരികവും മാനസികവുമായി പീഡിപ്പിച്ചിരുന്നതായി പരാതിയിൽ പറയുന്നു. തന്റെ പേരിലുണ്ടായ ഫ്ലാറ്റ് വിൽക്കാൻ നിർബന്ധിച്ചുവെന്നും മസ്കന്റെ പാരിതിൽ പറയുന്നു. പീഡനം മൂലം മുഖത്ത് പക്ഷാഘാതത്തിന് കാരണമാകുന്ന ബെൽസ് പാൾസി എന്ന അവസ്ഥ ബാധിച്ചുവെന്നും പരാതിയിൽ ആരോപിക്കുന്നു.
Tags : Hansika complaint The High Court rejected the petition