നെല്ലിയാമ്പതി പഞ്ചായത്ത് ഓഫീസിനുമുന്നിൽ ധർണനടത്തി നാഷണൽ ജനതാദൾ
1465494
Friday, November 1, 2024 1:19 AM IST
നെല്ലിയാമ്പതി: പഞ്ചായത്ത് ഓഫീസിനു മുന്നിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നാഷണൽ ജനതാദൾ ധർണ നടത്തി. തെരുവുവിളക്കുകൾ പ്രവർത്തനസജ്ജമാക്കുക, ഊത്തുകുഴി- സീതാർകുണ്ട് ഗതാഗതയോഗ്യമാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചു. പഞ്ചായത്ത് നടത്തിയ വിവിധ പദ്ധതികളിൽ അഴിമതി നടന്നതായും നാഷണൽ ജനതാദൾ ആരോപിച്ചു.
പണിപൂർത്തിയാക്കി വർഷങ്ങൾ കഴിഞ്ഞിട്ടും പൊതു ശൗചാലയങ്ങൾ വിനോദസഞ്ചാരികൾക്കും പൊതുജനങ്ങൾക്കും തുറന്നു കൊടുക്കാത്തതിലും വിമർശിച്ചു. പഞ്ചായത്ത് ഭരണാധികാരികൾ സ്വജന പക്ഷപാതവും അഴിമതിയും നടത്തുന്നതായി ആരോപിച്ചാണ് നെല്ലിയാമ്പതി പഞ്ചായത്ത് ഓഫീസിന് മുമ്പിൽ നാഷണൽ ജനതാദൾ നെല്ലിയാമ്പതി യൂണിറ്റ് ധർണ നടത്തിയത്. ജില്ലാ പ്രസിഡന്റ് എം.എ. സുൽത്താൻ ധർണ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.എം. സലിം അധ്യക്ഷനായി. വൈസ് പ്രസിഡന്റ് കെ.ജെ. ഫ്രാൻസിസ്, യൂണിറ്റ് സെക്രട്ടറി വി.എസ്. പ്രസാദ്, സാലുദ്ദീൻ കാമ്പ്രത്ത് ചള്ള എന്നിവർ പ്രസംഗിച്ചു.