മൂന്നിടങ്ങളിൽ കാട്ടാന ഇറങ്ങി വ്യാപകനാശം
1464676
Tuesday, October 29, 2024 1:12 AM IST
നെന്മാറ: അയിലൂർ പഞ്ചായത്തിലെ കരിമ്പാറ, പൂഞ്ചേരി മേഖലയിൽ കാട്ടാന കൃഷിനാശം വരുത്തി. കോപ്പൻകുളമ്പിലെ കർഷകരായ മോഹനകൃഷ്ണന്റേയും, വടക്കൻചിറ പാർവതി, റോഷി ജോണി എന്നിവരുടെ വീട്ടുവളപ്പിലും കൃഷിയിടങ്ങളിലുമായി ഇരുന്നൂറോളം കുലച്ച നേന്ത്രവാഴകളാണ് കാട്ടാന നാശം വരുത്തിയത്. 84000 രൂപയുടെ നഷ്ടം കണക്കാക്കുന്നതായി കർഷകർ പറഞ്ഞു.
പൂഞ്ചേരിയിൽ ചെന്താമരാക്ഷന്റെ തെങ്ങുകളും ഫലവൃക്ഷങ്ങളും കമ്പിവേലിയും, സിമന്റ് കാലുകളും നശിപ്പിച്ചു. ഓവുപാറയിൽ മണി, ഹരിദാസ്, സുബ്രഹ്മണ്യൻ എന്നിവരുടെ റബർ തോട്ടത്തിനു സമീപമുള്ള വാഴകളും കമ്പിവേലി, സിമന്റ് തൂണുകൾ എന്നിവയാണ് കാട്ടാന നശിപ്പിച്ചത്. ഇവർക്ക് 60000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.
ഇന്നലെ രാവിലെ 6.30 നാണ് വാഴകൾ ഒടിയുന്ന ശബ്ദം കേട്ട് കർഷകർ ആനയുടെ സാന്നിധ്യം അറിയുന്നത്. പ്രദേശവാസികൾ ഒച്ചവെച്ചെങ്കിലും കാട്ടാന റോഷി ജോണിയുടെ കൃഷിയിടത്തിലേക്ക് മാറുകയാണ് ഉണ്ടായത്. കഴിഞ്ഞയാഴ്ചയും ഇവരുടെ കൃഷിയിടത്തിൽ രണ്ടുദിവസം കാട്ടാന കൃഷിനാശം വരുത്തിയിരുന്നു. വനം അധികൃതരെ വിവരം അറിയിച്ചതിനെ തുടർന്ന് ഏഴു മണിയോടെയാണ് റബർ ബുള്ളറ്റും പടക്കവും ഉപയോഗിച്ച് മോഴയാനയെ കൃഷിയിടത്തിൽ നിന്ന് തുരത്താനായത്.
ഇതിനിടെ പടക്കം പൊട്ടിച്ച വനംജീവനക്കാർക്കും സഹായത്തിന് എത്തിയ പ്രദേശവാസികൾക്കും നേരെ മോഴയാന ആക്രമിക്കാനായി പാഞ്ഞടുത്തു. ആന പിന്തിരിഞ്ഞ് വന്നതോടെ തുരത്താൻ വന്നവർ ചിതറി ഓടി. കൽച്ചാടി ഭാഗത്ത് എം. അബ്ബാസിന്റെ കൃഷിയിടത്തിലൂടെ ഓടി സൗരോർജ വൈദ്യുതി വേലി തകർത്ത് വനമേഖലയിലേക്ക് കടന്നു. കാട്ടാനയെ ഉൾവനത്തിലേക്ക് കയറ്റി വിടണം എന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു, ആർആർടി സേവനം, സൗരോർജ വൈദ്യുതിവേലിയുടെ പ്രവർത്തനം കാര്യക്ഷമമാക്കൽ, തൂക്കുവേലി സ്ഥാപിക്കൽ തുടങ്ങി വിവിധ ആവശ്യങ്ങൾ പ്രദേശവാസികൾ ഉന്നയിച്ചു.