കുടിവെള്ളം റോഡിലൂടെ ഒഴുകി പാഴാകുന്നതു തടയാൻ നടപടിയില്ല
1465486
Friday, November 1, 2024 1:19 AM IST
നെന്മാറ: അമൂല്യമായ കുടിവെള്ളം നഷ്ടപ്പെടാതെ സൂക്ഷിക്കാൻ വാട്ടർ അഥോറിറ്റി താത്പര്യം കാണിക്കുന്നില്ല. കുടിവെള്ളവിതരണത്തിനുള്ള പൈപ്പുകൾ ഇടുവാനായി കേരളാ വാട്ടർ അഥോറിറ്റി ചാത്തമംഗലം അടിപ്പെരണ്ട പൊതുമരാമത്ത് റോഡിന്റെ വശങ്ങളിലുടനീളം ചാലുകീറിയിരുന്നു.
ഇക്കാരണത്താൽ റോഡിന് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുള്ളതിനാൽ പലയിടത്തും റോഡിന്റെ പകുതിയിൽ കൂടുതലും നശിച്ച സാഹചര്യമാണ്.
മാസങ്ങൾക്ക് മുന്പ് കുഴിച്ച കുഴികൾ അടുത്ത കാലത്താണ് മണ്ണുമാന്തി യന്ത്രം ഉൾപ്പടെയുള്ള സാമഗ്രികൾ ഉപയോഗിച്ചു നികത്തിയത്. പണിപൂർത്തിയാക്കുന്നതിനിടയിൽ കല്ലും മറ്റും മൂർച്ചയേറിയ വസ്തുക്കൾ ഉൾപ്പെടുത്തിയുള്ള മിശ്രിതം കൊണ്ടുള്ള കുഴിയടക്കൽ പ്രക്രിയയിൽ മണ്ണിനടിയിലെ പിവിസി പൈപ്പുകൾക്ക് കേടുപാടുകൾ സൃഷ്ടിക്കാൻ കാരണമായി. ചെട്ടികുളമ്പ് റേഷൻകടയ്ക്കു സമീപവും തളിപ്പാടം, ചക്രായി റോഡ്, പറയമ്പളം തുടങ്ങി നിരവധി സ്ഥലങ്ങളിൽ പൊട്ടിയ പൈപ്പിൽ നിന്നും വെള്ളം ഒഴുകി റോഡിലേക്ക് കയറുന്നുണ്ട്.
റോഡിന്റെ വശങ്ങൾ നനഞ്ഞ് വെള്ളമൊഴുകുന്നതിനാൽ വലിയ വാഹനങ്ങൾ ഓടുന്നതോടെ റോഡിന്റെ വശങ്ങൾ ഇടിയുകയും കുഴികളും രൂപപ്പെടുന്നു. വെള്ളത്തിന്റെ പണം കൃത്യമായി ഈടാക്കുന്ന കാര്യത്തിൽ അല്ലാതെ വെള്ളം പാഴായി പോകുന്നത് തടയാൻ പലപ്രാവശ്യം വിളിച്ചു പറഞ്ഞിട്ടും നടപടി സ്വീകരിക്കുന്നില്ല. ജലക്ഷാമം നേരിടുന്ന ഈ കാലഘട്ടത്തിലും കെഡബ്ല്യുഎ യുടെ ഭാഗത്തു നിന്നു തന്നെ ഇത്തരത്തിലുള്ള വീഴ്ചയുണ്ടാകുന്നത്. കുടിവെള്ളം പാഴാകുന്ന സ്ഥലങ്ങളിലെ കേടുപാടുകൾ കണ്ടെത്തുകയും റോഡുകളുടെ നാശം ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും പ്രാദേശനിവാസികൾ ആവശ്യപ്പെട്ടു.