ദീപാവലി: 2495 അധിക ബസ് സർവീസ് നടത്തും
1464678
Tuesday, October 29, 2024 1:12 AM IST
കോയമ്പത്തൂർ: ദീപാവലി പ്രമാണിച്ച് കോയമ്പത്തൂർ ജില്ലയിൽ നിന്ന് മറ്റു ജില്ലകളിലേക്കുള്ള യാത്രക്കാർക്കായി 2495 പ്രത്യേകബസുകൾ സർവീസ് നടത്തുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. 30 വരെയാണ് സർവീസുകൾ. കോയമ്പത്തൂരിലെ വിവിധ ബസ് സ്റ്റാൻഡുകളിൽനിന്ന് സർവീസ് നടത്തും. സിങ്കനല്ലൂർ സ്റ്റാൻഡിൽ നിന്ന് 1030 ബസുകൾ മധുര, തേനി, ഡിണ്ടിഗൽ തുടങ്ങിയ തെക്കൻ ജില്ലകളിലേക്ക് ഓടും.
സൂലൂർ സ്റ്റാൻഡിൽ നിന്ന് ട്രിച്ചി, തഞ്ചാവൂർ, തിരുവാരൂർ, പുതുക്കോട്ട, കാരക്കുടി, കരൂർ വഴി 300 ബസുകൾ സർവീസ് നടത്തും. ഗാന്ധിപുരം സെൻട്രൽ ബസ് സ്റ്റാൻഡിൽ നിന്ന് മേട്ടുപ്പാളയം, സത്യമംഗലം, ഈറോഡ്, സേലം, തിരുപ്പൂർ എന്നിവിടങ്ങളിലേക്ക് 540 ബസുകൾ സർവീസ് നടത്തും.
ഉക്കടം ബസ് സ്റ്റാൻഡിൽ പൊള്ളാച്ചി, ഉദുമൽപേട്ട, പഴനി, പാലക്കാട് എന്നിവിടങ്ങളിലേക്ക് 100 ബസുകൾ സർവീസ് നടത്തും. മേട്ടുപ്പാളയം ബസ് സ്റ്റാൻഡിൽ നിന്ന് തിരുപ്പൂർ, ഈറോഡ്, മധുര, ട്രിച്ചി, തേനി, ഡിണ്ടിഗൽ എന്നിവിടങ്ങളിലേക്ക് 100 ബസുകൾ കൂടി സർവീസ് നടത്തും.
സായിബാബ കോളനിയിലെ പുതിയ ബസ് സ്റ്റാൻഡിൽ നിന്ന് ഊട്ടി, കൂനൂർ, കോത്തഗിരി എന്നിവിടങ്ങളിലേക്ക് 175 ബസുകൾ സർവീസ് നടത്തും. പൊള്ളാച്ചി ബസ് സ്റ്റാൻഡിൽ മധുര, തിരുപ്പൂർ, ഈറോഡ്, തേനി, ഡിണ്ടിഗൽ, രാജപാളയം എന്നിവിടങ്ങളിലേക്ക് 350 ബസുകൾ സർവീസ് നടത്തും.
സിങ്കനല്ലൂർ, സൂലൂർ ബസ് സ്റ്റാൻഡുകളിൽ നിന്ന് പുറപ്പെടുന്ന എല്ലാ ബസുകളും തെക്കൻ ജില്ലകളിൽ നിന്ന് കോയമ്പത്തൂരിലേക്ക് വരുന്ന ബസുകളും സിങ്കനല്ലൂർ ബസ് സ്റ്റാൻഡിൽ മാത്രം യാത്രക്കാരെ ഇറക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശിച്ചിട്ടുണ്ട്.