ഉണ്ണിമലയിലെ ഭൂമിപ്രശ്നം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് എംഎൽഎ
1465484
Friday, November 1, 2024 1:19 AM IST
അഗളി: അട്ടപ്പാടി ഉണ്ണിമലയിലെ ഭൂമിപ്രശ്നവും കർഷകരുടെ വിഷമതകളും ശ്രദ്ധയിൽപ്പെട്ടതായും ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി പ്രശ്നപരിഹാരത്തിനു ശ്രമിക്കുമെന്നും എംഎൽഎ എൻ. ഷംസുദ്ദീൻ.
കുറവൻപാടിയിലുണ്ടായ അതിതീവ്രമഴയെ തുടർന്ന് ദുരിതാശ്വാസകേന്ദ്രത്തിൽ കഴിയുന്നവരെ നേരിൽകണ്ട് സംസാരിച്ച ശേഷം പ്രതികരിക്കുകയായിരുന്നു എംഎൽഎ. വീടിന് ഭീഷണിയായി വീണുകിടക്കുന്ന മണ്ണും മറ്റു തടസങ്ങളും ഉടൻ നീക്കം ചെയ്യുന്നതിനും വീടുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും റോഡിന്റെ അറ്റകുറ്റപ്പണികൾ അടിയന്തിര പ്രാധാന്യത്തോടെ നടത്തുന്നതിനും വേണ്ട നടപടികൾക്കു നിർദേശം നൽകുമെന്നും അറിയിച്ചു.
എംഎൽഎ എത്തുന്ന വിവരം അറിഞ്ഞ പ്രദേശവാസികൾ ഭൂമിയുടെ പ്രമാണങ്ങളുമായിഎത്തിയിരുന്നു.
1978- 79ൽ ലഭിച്ച പട്ടയഭൂമിക്ക് വരെ നികുതിയൊടുക്കാകുന്നില്ലെന്ന് കർഷകർ ചൂണ്ടിക്കാട്ടി. തണ്ടപ്പേർ ലഭിക്കാത്തതുമൂലം ഭൂമി ക്രയ വിക്രയം ഉൾപ്പെടെ യാതൊരു കാര്യങ്ങളും നടത്താനാകുന്നില്ലെന്ന് കർഷകർ പരാതിപ്പെട്ടു.
ജോബി കുരീക്കാട്ടിൽ, പി.സി. ബേബി, ഷിബു സിറിയക്, എം.ആർ .സത്യൻ, കെ.ജെ. മാത്യു, മാർട്ടിൻ ബിനോയ് തുടങ്ങിയ യുഡിഎഫ് നേതാക്കളും എംഎൽഎയെ അനുഗമിച്ചു.