അട്ടപ്പാടി പുലിയറയിലേക്കുള്ള ഗതാഗതം താത്കാലികമായി പുനഃസ്ഥാപിച്ചു
1465485
Friday, November 1, 2024 1:19 AM IST
അഗളി: അതിതീവ്രമഴയിൽ കൂറ്റൻമരങ്ങളും മണ്ണും ഇടിഞ്ഞുവീണ് ഗതാഗതം നിലച്ച പുലിയറ, തുമ്പപ്പാറ പ്രദേശത്തേക്കുള്ള ഗതാഗതം താത്കാലികമായി പുനഃസ്ഥാപിച്ചു.
തഹസിൽദാർ ഷാനവാസ് ഖാന്റെ നേതൃത്വത്തിൽ ഇന്നലെ വൈകുന്നേരത്തോടെയാണ് താത്കാലിക ഗതാഗതം സാധ്യമാക്കിയത്. റോഡിലേക്കു വീണുകിടന്നിരുന്ന കൂറ്റൻ വീട്ടിമരം ഫയർഫോഴ്സിന്റെ സഹായത്തോടെ വെട്ടിനീക്കി.
പുലിയറ കുറവൻപാടി നിവാസികളും മരംമുറിക്കൽ വിദഗ്ധരും മണ്ണുമാന്തിയന്ത്രസഹായത്തോടെ രണ്ടുദിവസത്തെ കഠിനപ്രയത്നത്തിലൂടെയാണ് മരവും മണ്ണും റോഡിൽനിന്ന് കുറച്ചെങ്കിലും നീക്കിയത്. സ്ഥലത്ത് റോഡിനു ഭീഷണിയായിനിന്ന മറ്റൊരു വീട്ടിമരംകൂടി തഹസിൽദാരുടെ നിർദേശപ്രകാരം വെട്ടിമാറ്റി.
ഇന്നു ക്രെയിൻ അടക്കമുള്ള യന്ത്രസംവിധാനത്തോടെ കൂടുതൽ പ്രവൃത്തികൾ നടത്തുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. പുലിയറയിലേക്കുള്ള വാഹനഗതാഗതം അപകടകരമാണെന്നു തഹസിൽദാർ പറഞ്ഞു. മലവെള്ളപ്പാച്ചിലിൽ തൊട്ടടുത്തുള്ള കൾവർട്ടിനുള്ളിൽനിന്നും മണ്ണിടിഞ്ഞുനീങ്ങിയതിനാൽ വാഹനഗതാഗതം അപകടകരമാണ്. ചെറുവാഹനങ്ങൾ ഒഴികെ സ്കൂൾബസ് അടക്കമുള്ള വാഹനങ്ങൾക്കു ഒന്നുംതന്നെ റോഡിലൂടെ കടന്നുപോകാനാകില്ല. മണ്ണിടിച്ചിലുണ്ടായ വീടുകളിലും ദുരിതാശ്വാസകേന്ദ്രത്തിലും തഹസിൽദാരെത്തി നിർദേശങ്ങൾ നൽകി. അഗളി ഗൂളിക്കടവ് പ്രദേശങ്ങളിലേക്കുള്ള കുടിവെള്ളപദ്ധതിയുടെ പൈപ്പ് അറ്റകുറ്റപ്പണി ഇന്നലെയും പൂർത്തീകരിക്കാനായില്ല. കുടിവെള്ളവിതരണം സാധ്യമാകാൻ ഒന്നോ രണ്ടോ ദിവസം വേണ്ടിവരുമെന്നാണ് കണക്കുകൂട്ടൽ.
ആയിരക്കണക്കിനു കുടുംബങ്ങൾ, കൂടാതെ ഹോട്ടൽ, ആരോഗ്യകേന്ദ്രങ്ങൾ, തുടങ്ങി വിവിധ സ്ഥാപനങ്ങളിലേക്കും കുടിവെള്ളം എത്തിക്കുന്ന വൻകുടിവെള്ള പദ്ധതിയാണ് നിലച്ചിരിക്കുന്നത്. ഇന്നലെ ഉച്ചകഴിഞ്ഞു പെയ്ത കനത്ത മഴയും പ്രവൃത്തികളെ കാര്യമായി ബാധിച്ചു.