രണ്ടാംവിളയ്ക്ക് കനാലിൽ ഉടൻ വെള്ളമിറക്കണമെന്നു കർഷകർ
1464679
Tuesday, October 29, 2024 1:12 AM IST
ചിറ്റൂർ: നല്ലേപ്പിള്ളിയിൽ കൊയ്ത്ത് കഴിഞ്ഞ നെൽപ്പാടങ്ങളിൽ രണ്ടാംവിള നെൽകൃഷിയിറക്കാൻ അടിയന്തരമായി ഇറിഗേഷൻ കനാലുകളിൽ വെള്ളം വിടണമെന്ന് മൂച്ചിക്കുന്ന് പാടശേഖരത്തിലെ കർഷകർ. കൊയ്ത്ത് കഴിഞ്ഞ പാടങ്ങളിൽ ഉപയോഗിക്കാൻ കഴിയാത്ത തരത്തിലുള്ള ചെളിപുരണ്ട വൈക്കോലാണ്. ഇത് ട്രാക്ടർ ഉപയോഗിച്ച് ഉഴുതുമറിക്കണം.
അതിനുശേഷം വീണ്ടും വരമ്പുപണിയും നടത്തി ട്രാക്ടർ ഇറക്കണം. ഇതിന് വെള്ളം അത്യാവശ്യമാണ്. കൊയ്യാനുള്ള പാടങ്ങളിലേക്കും ജലം ആവശ്യമായിട്ടുണ്ട്. വെള്ളം ലഭിച്ചില്ലെങ്കിൽ കൊയ്ത്ത് യന്ത്രം ചെളിയിൽ താഴ്ന്ന് കൊയ്ത്തിന് കൂടുതൽ സമയമെടുക്കും. ഈ സമയത്താണ് ഇറിഗേഷൻ വകുപ്പ് കനാലിലെ കാടുവെട്ടാൻ കരാറുകൊടുത്തിരിക്കുന്നത്. കുറച്ചു കരാറുകാർ മെയിൻ കനാലിലും ബ്രാഞ്ച് കനാലിലും കാഡാ ചാലിലും കാടുവെട്ടൽ ചെയ്യുന്നത് കൃഷിപ്പണി നടത്തുന്നതിൽ കാലതാമസം വരുന്നതായി നല്ലേപ്പിള്ളി മൂച്ചിക്കുന്ന് പാടശേഖരസമിതി യോഗം കുറ്റപ്പെടുത്തി. യഥാസമയം വെള്ളം ലഭിക്കാതിരുന്നാൽ കൃഷിയിറക്കൽ വൈകും.
നേരത്തെ ഞാറ്റടി തയ്യാറാക്കാൻ സ്ഥലം മാറ്റിവെച്ച കർഷകർ ഞാറുപാകി 20 ദിവസം കഴിഞ്ഞു.10 ദിവസം കൊണ്ട് നടീൽപണികൾ നടത്തണം. വെള്ളമെത്തിയില്ലെങ്കിൽ ഞാറു മൂപ്പ്കൂടും.
മൂപ്പുകൂടിയ ഞാറ് ഉപയോഗിച്ചാൽ വിളവു കുറയും. യോഗത്തിൽ എം. രാമകൃഷ്ണൻ അധ്യക്ഷനായി. വി.രാജൻ, കെ.ബി. ബിജു, കെ. രാമചന്ദ്രൻ, എ. രാജേന്ദ്രൻ, പി. കൃഷ്ണൻ, ചന്ദ്രൻകുട്ടി, എം. രാജേന്ദ്രൻ, എം. ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.