ശിരുവാണിയിലേക്കു പോകാം, പ്രകൃതിയെ ആസ്വദിച്ചുമടങ്ങാം
1464683
Tuesday, October 29, 2024 1:12 AM IST
ഡോ. മാത്യു കല്ലടിക്കോട്
പാലക്കയം: പ്രകൃതിസ്നേഹികളായ സഞ്ചാരികൾക്കു ഏറെ പ്രിയപ്പെട്ട ശിരുവാണിഡാമും പ്രകൃതി ഭംഗിയും ആസ്വദിക്കാൻ വീണ്ടും അവസരമൊരുങ്ങുന്നു.
കുന്നുകളും വളവുകളും പുഴകളും മലകളും മഞ്ഞുമെല്ലാം നിറഞ്ഞ പാലക്കയം- ശിരുവാണിമേഖല സഞ്ചരികൾക്കു എന്നും പ്രിയപ്പെട്ട മേഖലയായിരുന്നു.
സംശുദ്ധ പരിസ്ഥിതിയും ആൾക്കൂട്ടങ്ങളില്ലാത്ത വനവും പ്രകൃതിഭംഗിയും ശിരുവാണിയിലേക്കു വിനോദസഞ്ചാര സന്ദർശന സൗകര്യമൊരുക്കാനാണു വനംവകുപ്പിന്റെ തീരുമാനം.
കഴിഞ്ഞ അഞ്ചുവർഷമായി നിർത്തിവച്ചിരുന്ന സൗകര്യമാണ് അടുത്തമാസം പുനരാരംഭിക്കുക.
വനംവകുപ്പിന്റെ കർശന നിയന്ത്രണങ്ങളോടെയായിരിക്കും സഞ്ചാരികൾക്കു യാത്രാസൗകര്യമൊരുക്കുക.
ഈ യാത്രയിൽ മനംകുളിർക്കുന്ന കാഴ്ചകളാണു സഞ്ചാരികളെ കാത്തിരിക്കുന്നത്. ഡാമിലേക്കുള്ള സവാരിയും കൊടുംവനത്തിനുള്ളിലെ പട്യാർ ബംഗ്ലാവിലെ താമസവുമാണു മറ്റൊരു സൗകര്യം.
മൂന്നു മണിക്കൂറാണ് വനയാത്ര. തമിഴ്നാട് അതിർത്തിയിൽ യാത്ര അവസാനിക്കും.
ശിങ്കംപാറയിലുണ്ടായിരുന്ന വനംവകുപ്പിന്റെ ചെക്ക്പോസ്റ്റ് ഇഞ്ചിക്കുന്നിലേക്കു മാറ്റിസ്ഥാപിച്ചെങ്കിലും പാലക്കയം മുതൽ ഇഞ്ചിക്കുന്ന് ചെക്ക്പോസ്റ്റിനു താഴെവരെയുള്ള ആറുകിലോമീറ്റർ വനത്തിലൂടെ ബൈക്കുകളിലും കാറുകളിലും നിരവധി സന്ദർശകർ നേരത്തെയും എത്താറുണ്ടായിരുന്നു.
ബംഗ്ലാവിലാണ് താമസം
കാടിന്റെ ഏകദേശ ഭാഗങ്ങളും ഡാമും പട്യാർ ബംഗ്ലാവിലിരുന്നു കാണാം. ശിരുവാണി വനം കൂടുതല് സാന്ദ്രതയുള്ളതാണ്. ആനയും പുലിയും കരടിയും എല്ലാം യഥേഷ്ടം വിഹരിക്കുന്ന കാട്.
ഭീതിയുടെ മുഖംമൂടിയുണ്ടെങ്കിലും ശിരുവാണി യാത്ര ആനന്ദകരമാകും. ബംഗ്ലാവിൽനിന്നു ഏകദേശം മൂന്നുകിലോമീറ്റർകൂടി ചെന്നാൽ തമിഴ്നാട് അതിർത്തിയായ കേരളമേടിലെത്തും.
തമിഴ്നാട് ചെക്പോസ്റ്റിനു മുകളിൽ കയറി നോക്കിയാൽ കോയമ്പത്തൂർ പട്ടണം കാണാം. പ്രകൃതി മനോഹരമായ ഒട്ടേറെ കാഴ്ചകളും കാണാം.
കരിമലയും വെള്ളച്ചാട്ടങ്ങളും
കേരളത്തിൽ സ്ഥിതിചെയ്യുന്ന ശിരുവാണി ഡാമിലെ വെള്ളം ഉപയോഗിക്കുന്നതും കൈകാര്യം ചെയ്യുന്നതും തമിഴ്നാടാണ്. മുത്തിക്കുളമാണ് പ്രദേശത്തെ വലിയ വെള്ളച്ചാട്ടം.
അടുത്തടുത്തായി ധാരാളം കൊച്ചു കൊച്ചു വെള്ളച്ചാട്ടങ്ങളും കാണാം. വിദൂരത്തായി കരിമലയുടെ ദൃശ്യം.
കാഴ്ചയിൽ രൗദ്രഭാവം പേറുന്ന കരിമലയ്ക്കു പഴയൊരു കഥയും പറയാനുണ്ട്.
രണ്ടാംലോക മഹായുദ്ധ കാലത്തു ജർമനിയുടെ ആയുധവിമാനം ഈ വനത്തിനുള്ളിൽ തകർന്നു വീണിരുന്നുവെന്നു പറയപ്പെടുന്നു.
അവശിഷ്ടങ്ങൾ ഇനിയും കണ്ടെത്താനായിട്ടില്ല. ഇതിനിടെ പാലക്കയത്തു പോലീസ് ഔട്ട്പോസ്റ്റ് സ്ഥാപിക്കണമെന്നും ഇഞ്ചിക്കുന്നിലുള്ള വനംവകുപ്പിന്റെ ചെക്ക്പോസ്റ്റ് പാലക്കയത്തേക്കു മാറ്റണമെന്നും ആവശ്യമുയരുന്നുണ്ട്.