ദീപാവലിവിപണിയിൽ പ്രതീക്ഷയോടെ പടക്ക, മധുരപലഹാര വിപണി
1464675
Tuesday, October 29, 2024 1:12 AM IST
ഒലവക്കോട്: വീണ്ടുമൊരു ദീപാവലിക്കാലം വന്നതോടെ ബേക്കറികളിൽ മധുര പലഹാര വിപണിക്കൊപ്പം പടക്കവിപണിയും സജീവമായി. സംസ്ഥാനത്ത് വിഷു കഴിഞ്ഞാൽ പിന്നെ പടക്ക വിപണിയിൽ കാര്യമായ കച്ചവടം നടക്കുന്നത് ദീപാവലിക്കാലത്താണ്.
എന്നാൽ മധുരവിപണിയിലാണ് കൂടുതലായും വ്യാപാരമെന്നിരിക്കെ ബേക്കറികളെല്ലാം സജീവമാണ്. നിരവധി സ്വീറ്റ്സുകൾ നിറഞ്ഞ ബോക്സുകളിലാണ് ദീപാവലിക്കാലത്തെ വിപണി തയ്യാറാവുന്നത്. 120, 240, 300 രൂപയുടെ ബോക്സുകളുണ്ട്.
തമിഴ്നാട് ആസ്ഥാനമായുള്ള പ്രമുഖ ബേക്കറികൾ ഓഫറുകളുമായി രംഗത്തുണ്ട്. ദീപാവലി സ്പെഷൽ ഓഫറുമുണ്ട്. സാധാരണ സ്വീറ്റ്സുകൾക്കു പുറമെ സ്പെഷ്യൽ പാൽഗോവ, പേഡ, ലഡു എന്നിവയുടെ നിരവധി മോഡലുകളും വിപണിയിലുണ്ട്.
ഓണ്‍ലൈനുകളിൽ വ്യാപാരം നടക്കുമെങ്കിലും ദീപാവലിക്കാലത്ത് ബേക്കറികളിലെത്തി വാങ്ങുന്നവരുടെ എണ്ണത്തിന് കുറവില്ല.
ബ്രാഹ്മണ അഗ്രഹാരങ്ങളിൽ ദീപാവലിക്കാലത്ത് വീടുകളിൽ സ്വന്തമായി മധുരപലഹാരങ്ങൾ ഉണ്ടാക്കുന്നവരുമേറെയാണ്.
ബേക്കറികളിൽ എക്കാലത്തും മധുര പലഹാരങ്ങൾക്ക് ആവശ്യക്കാരേറെയാണെങ്കിലും ദീപാവലിക്കാലം മധുര വിപണികൾ പ്രതീക്ഷയുള്ള കാലമാണ്.
മഹാനവമി കഴിഞ്ഞതോടെ ആഘോഷങ്ങളും സജീവമാകുന്ന വേളയിൽ ദീപാവലിയുമെത്തുന്നതോടെ മധുരപലഹാര വിപണിയിൽ മധുര പ്രതീക്ഷയിലാണ് വ്യാപാരികൾ.