വന്യമൃഗശല്യത്തിന് അടിയന്തരനടപടി സ്വീകരിക്കണം: കർഷക യൂണിയൻ-എം
1465483
Friday, November 1, 2024 1:19 AM IST
വടക്കഞ്ചേരി: വണ്ടാഴി പഞ്ചായത്തിലെ നേർച്ചപ്പാറ, പാടിക്കൽക്കുളമ്പ് പ്രദേശങ്ങളിലെ കൃഷിയിടങ്ങളിൽ കറങ്ങുന്ന ഒറ്റയാനെ ഉൾക്കാട്ടിലേക്കു കയറ്റിവിടാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കർഷകയൂണിയൻ- എമ്മിന്റെ നേതൃത്വത്തിൽ പാടിക്കൽകുളമ്പിൽ കർഷകരുടെ പ്രതിഷേധ യോഗം നടന്നു.
പ്രദേശത്തു കാട്ടാനകൾ വിളനശിപ്പിക്കുന്നതു തുടരുകയാണ്. കഴിഞ്ഞദിവസം രാത്രിയിൽ വാഴച്ചാരിക്കൽ സാജുവിന്റെ വാഴത്തോട്ടത്തിലിറങ്ങിയ ആന കുലച്ചതും കുലയ്ക്കാറായതുമായ നൂറുകണക്കിനു നേന്ത്രവാഴകൾ നശിപ്പിച്ചു.
സാജുവിന് ഒരുലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായാണു കണക്കാക്കുന്നത്.
പകൽസമയത്തുപോലും കാട്ടാന ജനവാസ മേഖലയിലുടെ സ്വൈരവിഹാരം നടത്തുകയാണ്. പുലർച്ചെ പശുവിനെ കറക്കാൻ പുറത്തിറങ്ങിയ വീട്ടമ്മ വീട്ടുമുറ്റത്തു നിൽക്കുന്ന ആനയുടെ മുന്നിൽനിന്നും ഭാഗ്യത്തിനാണു കഴിഞ്ഞദിവസം രക്ഷപ്പെട്ടത്.
വിളകൾ നശിച്ച കർഷകർക്ക് മതിയായ നഷ്ടപരിഹാരം നൽകണമെന്നും കർഷക യൂണിയൻ- എം ജില്ലാ കമ്മിറ്റി സർക്കാരിനോടാവശ്യപ്പെട്ടു. പാടിക്കൽകുളമ്പിൽ നടന്ന കർഷക കൂട്ടായ്മ കേരളാ കോൺഗ്രസ്- എം ജില്ലാ ജനറൽ സെക്രട്ടറി തോമസ് ജോൺ കാരുവള്ളി ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് വിൽസൺ കണ്ണാടൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റിയംഗം കെ.ഐ. ഗോപി, നിയോജക മണ്ഡലം പ്രസിഡന്റ് ഉല്ലാസ് പത്രോസ്, പാർട്ടി ജില്ലാ സെക്രട്ടറി ജോസ് വടക്കേക്കര, കെടിയുസി ജില്ലാ പ്രസിഡന്റ് എ. ഇബ്രാഹിം എന്നിവർ പ്രസംഗിച്ചു.