കർഷക അന്തസ് കാത്തുസൂക്ഷിക്കാൻ നിയമസഭയ്ക്കു കഴിഞ്ഞില്ല: സുരേഷ് ഗോപി
1464991
Wednesday, October 30, 2024 5:07 AM IST
പാലക്കാട്: കർഷക സമൂഹത്തിന്റെ അന്തസ് കാത്തുസൂക്ഷിക്കാൻ കേരളത്തിന്റെ നിയമസഭയ്ക്കു സാധിച്ചില്ലെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. കേരളത്തിന്റെ ഏറ്റവുംവലിയശാപം പ്രമേയംപാസാക്കൽ നിയമസഭയാണ്.
പൗരത്വ നിയമം, കാർഷിക നിയമം, വഖഫ് ഭേദഗതി എന്നിവക്കെതിരെ പ്രമേയം പാസാക്കി. മൂന്നു കാർഷിക നിയമങ്ങൾ നശിപ്പിച്ചപ്പോൾ കർഷകരുടെ പ്രശ്നങ്ങൾ പരിഹരിപ്പെട്ടോയെന്നും സുരേഷ് ഗോപി ചോദിച്ചു.
പാലക്കാട്ട് ബിജെപി സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് കൺവൻഷനിൽ പങ്കെടുക്കവേയാണ് കേന്ദ്രസർക്കാർ കർഷകസമരത്തെതുടർന്നുപിൻവലിച്ച കാർഷികനിയമത്തെ പിന്തുണച്ച് കേന്ദ്രസഹമന്ത്രി രംഗത്തെത്തിയത്. കർഷകർ കൊയ്തെടുത്ത വിളകൾ വാരിക്കൂട്ടിയിട്ട നിലയിലാണ്. അതു വാങ്ങിക്കൊണ്ടുപോകാൻ ആളില്ല. കാർഷികനിയമം പ്രാബല്യത്തിൽ വന്നിരുന്നെങ്കിൽ ഈ പ്രശ്നമൊന്നുമുണ്ടാകില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയമെന്നതു അടിമത്വമല്ലെന്നു തിരിച്ചറിയണമെന്നും വോട്ടുചെയ്യേണ്ടതു മണ്ണിനു വേണ്ടിയാകണമെന്നും തൃശൂരിലെ ജനത അതു തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിൽ പാലക്കാടും വിദൂരമല്ല.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മെട്രോമാൻ ഇ. ശ്രീധരനാണു ജയിച്ചതെങ്കിൽ പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കാമായിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. പാലക്കാട്ട് താമര വിരിയും. ബിജെപിയും കൃഷ്ണകുമാറുംചേർന്ന് പാലക്കാട് അങ്ങ് എടുത്തിരിക്കും. പാലക്കാടുവഴി കേരളം തന്നെ എടുത്തിരിക്കും. കല്പാത്തിയെ സംബന്ധിച്ച വിഷയങ്ങൾ ഇതുവരെ ആരും സർക്കാരിന്റെ ശ്രദ്ധയിൽ എത്തിച്ചിട്ടില്ലെന്നും കൂട്ടിച്ചേർത്തു.