ശാപമോക്ഷംതേടി പാലപ്പുറം റെയിൽവേ സ്റ്റേഷൻ
1465282
Thursday, October 31, 2024 2:22 AM IST
ഒറ്റപ്പാലം: പാലപ്പുറം റെയിൽവേ സ്റ്റേഷന്റെ ശനിദശക്ക് പരിഹാരം കാണണമെന്ന് ആവശ്യം. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതകൾ മൂലം ഈ റെയിൽവേ സ്റ്റേഷൻ വലിയ പ്രതിസന്ധി നേരിടുന്നുണ്ട്. കരാർകാലാവധി കഴിഞ്ഞതിനെത്തുടർന്ന് സ്റ്റേഷനിലുണ്ടായ ടിക്കറ്റ് വിതരണ പ്രതിസന്ധിക്ക് താത്കാലിക പരിഹാരം ഉണ്ടാക്കിയെങ്കിലും ശാശ്വത പരിഹാരമാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്. ടിക്കറ്റ് വിൽപ്പനകേന്ദ്രം പ്രവർത്തിക്കാൻ റെയിൽവേ കൊമേഴ്സ്യൽ വിഭാഗത്തിലെ താത്കാലിക ജീവനക്കാരനെ ഇപ്പോൾ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ടിക്കറ്റ് വിതരണകേന്ദ്രം ഏറ്റെടുത്ത് നടത്താൻ പുതിയ കരാറുകാരെ കിട്ടാത്ത സ്ഥിതിയാണ്. ടിക്കറ്റ് വിതരണത്തിന്റെ നിലവിലെ കരാർ അവസാനിച്ചിരുന്നു. ഇതോടെ ടിക്കറ്റ് വിതരണ കേന്ദ്രം തുറക്കാൻ ആളില്ലാത്ത സാഹചര്യമായിരുന്നു. ടിക്കറ്റ് വിതരണമില്ലാതാവുന്നതോടെ ട്രെയിനുകളുടെ സ്റ്റോപ്പ് ഇല്ലാതാകുമോയെന്ന ആശങ്കക്ക് താത്കാലിക പരിഹാരം മാത്രമാണ് ഉണ്ടായിട്ടുള്ളത്.
നിലവിൽ എറണാകുളം മെമു ഉൾപ്പെടെ ഒമ്പത് ട്രെയിനുകൾക്കാണ് പാലപ്പുറത്ത് സ്റ്റോപ്പുള്ളത്. സ്വാതന്ത്ര്യത്തിനുമുമ്പ് പ്രവർത്തനം തുടങ്ങിയതാണ് പാലപ്പുറത്തെ ഹാൾട്ട് സ്റ്റേഷൻ.
സ്റ്റേഷനെ ആശ്രയിക്കുന്നവരിൽ ഏറെയും സീസൺടിക്കറ്റ് യാത്രക്കാരാണ്. അതേസമയം നേരിട്ട് ടിക്കറ്റെടുത്ത് യാത്രചെയ്യുന്നവർ കുറവാണ്. പ്രതിദിനം 200 രൂപയാണ് ശരാശരി നേരിട്ടുള്ള വരുമാനം. കമ്മീഷൻ വ്യവസ്ഥയിൽ നേരിട്ടുള്ള വരുമാനത്തിന്റെ നിശ്ചിതശതമാനം മാത്രമാണ് ഏജന്റിന് ലഭിക്കുക എന്നിരിക്കെയാണ് ഏറ്റെടുക്കാൻ ആളില്ലാത്ത അവസ്ഥ. കഴിഞ്ഞ 17 വർഷത്തോളമായി ടിക്കറ്റ് വിതരണം നടത്തുന്ന ഏജന്റാണ് ചുമതല ഒഴിഞ്ഞത്. പുതിയ കരാർ ഏറ്റെടുക്കാൻ റെയിൽവേ അപേക്ഷ ക്ഷണിച്ചെങ്കിലും ആരും മുന്നോട്ടുവന്നില്ല.
കരാറുകാരെ കണ്ടെത്താൻ വീണ്ടും അപേക്ഷ ക്ഷണിക്കുമെന്ന് റെയിൽവേ അറിയിച്ചു. അതുവരെ കൊമേഴ്സ്യൽ വിഭാഗം ജീവനക്കാരനെ ഉപയോഗിച്ച് സ്റ്റേഷൻ നടത്താനാണ് ശ്രമം. എന്നാൽ കുറഞ്ഞ വരുമാനത്തിന് ആളെ കിട്ടുമോയെന്നത് ഇപ്പോഴും ആശങ്കയാണ്.