നന്തിക്കരയില്‍ പിക്കപ്പ് വാനിടിച്ച് പ്ലസ് ടു വിദ്യാര്‍ഥിനി മരിച്ചു
1573232
Saturday, July 5, 2025 10:33 PM IST
നന്തിക്കര: സെന്ററില്‍ ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ പിക്കപ്പ് വാനിടിച്ച് പ്ലസ്ടു വിദ്യാർഥിനി മരിച്ചു. പുതുക്കാട് വടക്കെ തൊറവ് ചിരുകണ്ടത്ത് മോഹനന്റെ മകള്‍ വൈഷ്ണ (17) ആണ് മരിച്ചത്.
ഇന്നലെ രാവിലെ ഏഴരക്കായിരുന്നു അപകടം. ബസ് ഇറങ്ങി സഹപാഠിയോടൊപ്പം ട്യൂഷന് സെന്ററിലേക്ക് പോകാന്‍ ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ കോട്ടയം ഭാഗത്തേക്ക് കള്ള് കൊണ്ടുപോയിരുന്ന പിക്കപ്പ് ഇടിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന കുട്ടി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
പിക്കപ്പിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. അപകടത്തില്‍ തെറിച്ചുവീണ വൈഷ്ണയെ നാട്ടുകാര്‍ ചേര്‍ന്ന് പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം പുതുക്കാട് താലൂക്ക് ആശുപത്രിയില്‍. നന്തിക്കര ഗവ. സ്കൂളിലെ പ്ലസ്ടു കൊമേഴ്സ് വിഭാഗം വിദ്യാർഥിനിയാണ് മരിച്ച വൈഷ്ണ.
പുതുക്കാട് പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. പിക്കപ്പ് ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. മാതാവ്: രമ. സഹോദരന്: വൈശാഖ്.