ഗോൾഡൻ മെഡോസ് ശിലാസ്ഥാപനം
1573056
Saturday, July 5, 2025 1:37 AM IST
മണലിക്കാട്: മുതിർന്ന പൗരന്മാർക്കും വിരമിച്ച വൈദികർക്കും വേണ്ടിയുള്ള കോട്ടപ്പുറം രൂപത സംരംഭമായ അത്യാധുനിക രീതിയിലുള്ള വിരമിച്ചവർക്കുള്ളകേന്ദ്രം ഗോൾഡൻ മെഡോസിന് ശിലയിട്ടു. കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ മണലിക്കാട് സെന്റ് ഫ്രാൻസിസ് അസീസി മൈനർ സെമിനാരി അങ്കണത്തിൽ ശിലാസ്ഥാപനംനടത്തി.
കോട്ടപ്പുറം രൂപത വികാരി ജനറാള്‍ മോൺ. റോക്കി റോബി കളത്തിൽ, എപ്പിസ്കോപ്പൽ വികാരി റവ.ഡോ. ഫ്രാൻസിസ്കോ പടമാടൻ, ചാൻസലർ ഫാ. ഷാബു കുന്നത്തൂർ, പ്രൊക്കുറേറ്റർ ഫാ. ജോബി കാട്ടാശേരി, ഫൊറോന വികാരി ഫാ. ജോസഫ് ഒള്ളാട്ടുപുറം എന്നിവർ പ്രസംഗിച്ചു. രൂപതയിലെ വൈദികരുടെയും സന്യസ്തരുടെയും അല്മായരുടെയും പ്രതിനിധികൾ പങ്കെടുത്തു. വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളിൽ കോട്ടപ്പുറം രൂപതയുടെ മഹത്തായ സംഭാവനകളുടെ തുടർച്ചയാണ് വയോജന പരിപാലന ശുശ്രൂഷയുടെ ഭാഗമായ ഗോൾഡൻ മെഡോസ്.
വിരമിച്ചവർക്കായി സ്റ്റുഡിയോ അപ്പാർട്ട്മെന്റുകളും സ്വതന്ത്ര വില്ലകളും ഇതിലുണ്ടാകും. ആരോഗ്യ സുരക്ഷ ഉറപ്പാക്കാൻ 24 മണിക്കൂറും നഴ്സിംഗ് സേവനവും ഡോക്ടർമാരുടെ ദിന സന്ദർശനവും അടിയന്തരസാഹചര്യങ്ങളെ നേരിടാൻ ആംബുലൻസ് സൗകര്യവും ക്രമീകരിക്കും. വിനോദത്തിനും ആരോഗ്യപരിപാലനത്തിനുമായി പ്രത്യേക സ്ഥലങ്ങൾ, ജിംനേഷ്യം, നീന്തൽക്കുളം തുടങ്ങിയവ ഗോൾഡൻ മെഡോസിന്റെ പ്രത്യേകതകളാണ്.
മൂന്നുവർഷത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കുമെന്ന് കോട്ടപ്പുറം രൂപത പ്രൊക്കുറേറ്റർ ഫാ. ജോബി കാട്ടാശേരി അറിയിച്ചു.