വിശ്വാസദീപ്തിയില്‍ ദുക്റാന തിരുനാള്‍
1572872
Friday, July 4, 2025 6:45 AM IST
ഇരിങ്ങാലക്കുട കത്തീഡ്രലില്‍ ഊട്ടുനേര്‍ച്ചയ്ക്ക് കാല്‍ലക്ഷത്തിലേറെപ്പേർ
ഇരിങ്ങാലക്കുട: മാർതോമ പാരമ്പര്യത്തിന്റെ ഓര്‍മപുതുക്കി ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ ദുക്റാന തിരുനാള്‍ ആഘോഷിച്ചു. തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ സ്മരണയില്‍ നടന്ന തിരുക്കര്മങ്ങളിലും ഊട്ടുനേര്‍ച്ചയിലും കാല്ലക്ഷത്തിലധികംപേര് പങ്കെടുത്തു. രാവിലെ 7.30ന് നടന്ന ആഘോഷമായ ദിവ്യബലിക്ക് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് ഊട്ടുനേര്‍ച്ച വെഞ്ചരിപ്പ് ബിഷപ് നിര്‍വഹിച്ചു.
10.30ന് നടന്ന ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് അവിട്ടത്തൂര്‍ ഹോളിഫാമിലി പള്ളി വികാരി ഫാ. റെനില്‍ കാരാത്ര മുഖ്യകാര്‍മികത്വം വഹിച്ചു. കല്ലേറ്റുംകര പാക്സ് ഡയറക്ടര്‍ ഫാ. ഫ്രീജോ പാറയ്ക്കല്‍ തിരുനാള്‍ സന്ദേശം നല്കി. തുടര്‍ന്ന് ആഘോഷമായ തിരുനാള്‍ പ്രദക്ഷിണം നടന്നു.
വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍, അസിസ്റ്റന്റ് വികാരിമാരായ ഫാ. ഓസ്റ്റിന്‍ പാറയ്ക്കല്‍, ഫാ. ബെല്‍ഫിന്‍ കോപ്പുള്ളി, ഫാ. ആന്റണി നമ്പളം, തിരുനാള്‍ ജനറല്‍ കണ്‍വീനര്‍ ബാബു ജോസ് പുത്തനങ്ങാടി, ജോയിന്റ് കണ്‍വീനര്‍മാരായ ഷാജു പന്തലിപ്പാടന്‍, ജിജി പള്ളായി, രഞ്ജി അക്കരക്കാരന്‍, ജോസ് ജി. തട്ടില്‍ എന്നിവര്‍ നേതൃത്വം നല്കി.
പാലയൂരിൽ തർപ്പണ തിരുനാൾ കൊടിയേറി
പാലയൂർ: മാർതോമ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥകേന്ദ്രത്തിൽ മാർതോമാ ശ്ലീഹായുടെ തർപ്പണ തിരുനാൾ കൊടിയേറി. മെൽബൺ രൂപത ബിഷപ് എമരിറ്റസ് മാർ ബോസ്കോ പുത്തൂർ കൊടിയേറ്റം നിർവഹിച്ചു . ആർച്ച്പ്രീസ്റ്റ് റവ.ഡോ. ഡേവിസ് കണ്ണമ്പുഴ, സഹവികാരി ഫാ. ക്ലിന്റ് പാണേങ്ങാടൻ എന്നിവർ സഹകാർമികരായിരുന്നു. തളിയക്കുളം രക്തസാക്ഷിമണ്ഡപത്തിൽനിന്ന് പ്രദക്ഷിണമായാണ് കൊടിയെ വരവേറ്റത്. 12, 13, 14 തീയതികളിലാണ് ആഘോഷം. മാർതോമാ ശ്ലീഹാ പാലയൂരിലെ തളിയക്കുളത്തിൽ എഡി 52ൽ അത്ഭുതം പ്രവർത്തിച്ച് ഭാരതത്തിൽ ആദ്യമായി ക്രൈസ്തവ വിശ്വാസത്തിന് തുടക്കംകുറിച്ചതിന്റെ ഓർമപുതുക്കലാണ് തിരുനാൾ.

ഇന്നു മുതൽ 11 വരെ ദിവസവും വൈകിട്ട് 5.30ന് ആഘോഷമായ ദിവ്യബലി, ലദീഞ്ഞ്, നൊവേന, 11ന് രാത്രി ഏഴിന് ദീപക്കാഴ്ചയുടെ സ്വിച്ച്ഓൺ, 12ന് രാവിലെ എട്ടിന് എഴുന്നള്ളിപ്പ് ആരംഭം, വൈകിട്ട് 5.30ന് തിരുക്കർമങ്ങൾ തുടർന്ന് കൂടുതുറക്കൽ ശുശ്രൂഷ, വർണമഴ എന്നിവ നടക്കും. വികാരി ജനറാൾ മോൺ. ജെയ്സൺ കൂനംപ്ലാക്കൽ മുഖ്യ കാർമികനാവും. രാത്രി 10ന് എഴുന്നള്ളിപ്പ് സമാപനം, വർണമഴ, 11.30 വരെ ബാൻഡ് വാദ്യ സംഗമം, 13ന് രാവിലെ 6.30ന് വിശുദ്ധ കുർബാന എന്നിവയുണ്ടാകും.
തുടർന്ന് രാവിലെ പത്തിന് ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് മൈനർ സെമിനാരി റെക്ടർ ഫാ. ജോയ് പുത്തൂർ മുഖ്യകാർമികനാവും. ഉച്ചയ്ക്ക് രണ്ടിന് ദിവ്യബലി, സമൂഹമാമോദീസയ്ക്ക് അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ മുഖ്യകാർമികത്വം വഹിക്കും. 4.30ന് ദിവ്യബലി, പ്രദക്ഷിണം, വർണമഴ, 7.30 മുതൽ 11 വരെ മെഗാ ബാൻഡ് ഷോ എന്നിവ നടക്കും. മൺമറഞ്ഞവർക്കായി 14ന് രാവിലെ 6.30 ന് തിരുക്കർമങ്ങളുണ്ടാവും. രാത്രി ഏഴിന് ഗാനമേള അരങ്ങേറും.
ട്രസ്റ്റിമാരായ പി.എ. ഹൈസൺ, സേവ്യർ വാകയിൽ, സി.ഒ. ഫ്രാൻസീസ്, പി.ജെ. ചാക്കോ, ജനറൽ കൺവീനർ ടി.ജെ. ഷാജു, തീർഥകേന്ദ്രം സെക്രട്ടറി ബിജു മുട്ടത്ത്, ജോയിന്റ് സെക്രട്ടറി ബിനു താണിക്കൽ, കൺവീനർമാരായ ഫ്രാൻസീസ് മുട്ടത്ത്, ബോബ് ഇലവത്തിങ്കൽ, സിസ്റ്റർ റോസ്മേരി, ജിഷ സുരേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിപാടികൾ.
ദുക്റാന തിരുനാളിന് ഭക്തജന പ്രവാഹം
പാലയൂർ: മാർതോമ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥകേന്ദ്രത്തിൽ മാർതോമാ ശ്ലീഹായുടെ ദുക്റാന തിരുനാൾ ആഘോഷത്തിന് വൻ ഭക്തജനത്തിരക്ക്. ശ്ലീഹാ എഡി 72ൽ മൈലാപ്പൂരിലെ ചിന്നമലയിൽ രക്തസാക്ഷിയായതിന്റെ ഓർമപുതുക്കലാണ് ദുക്റാന തിരുനാൾ. ഇതിന്റെ ഭാഗമായിനടന്ന നേർച്ച ഊട്ടിൽ പതിനായിരങ്ങൾ പങ്കെടുത്തു. ഇത്തവണ കാലാവസ്ഥകൂടി അനുകൂലമായതിനാൽ ഊട്ടിന് വൻതിരക്കായിരുന്നു.
പഴം, പപ്പടം, പായസം എന്നിവയുൾപ്പെടെ ഏഴു വിഭവങ്ങളാണ് ഒരുക്കിയിരുന്നത്. അരലക്ഷം പേർക്കുള്ള ഭക്ഷണം തയാറാക്കി. ഊട്ടിന്റെ ചെലവു പൂർണമായും മാർതോമ ഭക്തരുടെതാണ്.
രാവിലെ മുതൽ വിവിധ സമയങ്ങളിലായി ആറു ദിവ്യബലികൾ നടന്നു. തിരുനാൾ പാട്ടുകുർബാനയ്ക്ക് ബിഷപ് മാർ ബോസ്കോ പുത്തൂർ മുഖ്യകാർമികനായിരുന്നു. മറ്റു തിരുക്കർമങ്ങൾക്ക് ആർച്ച്പ്രീസ്റ്റ് റവ. ഡോ. ഡേവിസ് കണ്ണമ്പുഴ, ഫാ. അഗസ്റ്റിൻ കുളപ്പുറം, ഫാ. ലിവിൻ കുരുതുകുങ്ങര കൂള, ഫാ. മൈക്കിൾ ദീപക്സ്, ഫാ. അജിത്ത് കൊള്ളന്നൂർ, ഫാ. ക്ലിന്റ് പാണേങ്ങാടൻ എന്നിവർ കാർമികരായിരുന്നു.
ദുക്റാന തിരുനാളിന്റെ ഭാഗമായി പാലയൂർ ഫൊറോന സിഎൽസിയുടെ നേതൃത്വത്തിൽ മെഗാ മാർഗംകളി പള്ളിമുറ്റത്ത് അവതരിപ്പിച്ചു. ഭാരവാഹികളായ സി.ജെ. സാബു, ജെഫിൻ ജോണി, സി.സി. ചാർളി, സി.ഡി. ലോറൻസ്, പി.എൽ. ഫ്രാങ്കോ, ഫ്രാൻസി ടിറ്റോ, ബീന ജോഷി, ഷേർളി ഷാജി, റെജി ജെയിംസ് തുടങ്ങിയവർ നേതൃത്വംനൽകി.