കാണിപ്പയ്യൂരിൽ തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു
1572874
Friday, July 4, 2025 6:46 AM IST
കുന്നംകുളം: കാണിപ്പയ്യൂരിൽ കഴിഞ്ഞദിവസം ഗൃഹനാഥനെ ആക്രമിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. കാണിപ്പയ്യൂർ സ്വദേശി ശശികുമാറിനാണ് (65) ഇന്നലെ വീടിനുമുന്നിൽവച്ച് തെരുവുനായയുടെ കടിയേറ്റത്. കയ്യിൽ ആഴത്തിൽ മുറിവുണ്ടായിരുന്നു.
വൈകീട്ടോടെ നായ ചാവുകയും ചെയ്തു. തുടർന്ന് കുന്നംകുളം വെറ്ററിനറി ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചത്. ശശികുമാറിന് ഇന്നലെത്തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രതിരോധ കുത്തിവയ്പ്പ് എടുത്തു. നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രത്യേക ഡോസും നൽകിയിട്ടുണ്ട്.
ഇതിനിടെ കുന്നംകുളം നഗരസഭയില്‍ നായ്ക്കള്‍ക്കുള്ള വാക്സിനേഷന് ഇന്ന് ആരംഭിക്കും. രാവിലെ എട്ടിന് കാണിപ്പയ്യൂരിലാണ് ഗവ. വെറ്ററിനറി വിഭാഗത്തിന്റെ നേതൃത്വത്തില്‍ വാക്സിനേഷന് ആരംഭിക്കുക. തുടര്‍ന്ന് നഗരസഭയിലെ വിവിധ ഭാഗങ്ങളിൽ ക്യാമ്പ് നടത്തുമെന്ന് ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന് അറിയിച്ചു.
തെരുവുനായ് ശല്യം, പേ വിഷബാധ എന്നീ സാഹചര്യത്തിൽ നഗരസഭയില്‍ ഗവ. വെറ്ററിനറി പോളിക്ലിനിക്കിലെ സീനിയര്‍ വെറ്ററിനറി സർജന് ഡോ. റീനു ജോൺ, ഗവ. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.എ.വി. മണികണ്ഠന് എന്നിവരുടെ സാന്നിധ്യത്തില്‍ അടിയന്തര യോഗംചേര്‍ന്നു. വൈസ് ചെയര്‍പേഴ്സണ്‍ സൌമ്യ അനിലന്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.എം. സുരേഷ്, സജിനി പ്രേമന്, ടി. സോമശേഖരന്‍, സെക്രട്ടറി കെ.ബി. വിശ്വനാഥന്, ആരോഗ്യവിഭാഗം ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.