കളക്ടറേറ്റ് മാർച്ച് ഏഴിന് കോൾ കർഷകർ പ്രക്ഷോഭത്തിന്
1572865
Friday, July 4, 2025 6:45 AM IST
തൃശൂർ: നെല്ലിന്റെ സംഭരണവില കിലോയ്ക്ക് 35 രൂപയാക്കുക, സംസ്ഥാന സർക്കാരിന്റെ വെട്ടിക്കുറച്ച ഇൻസെന്റീവ് പുനഃസ്ഥാപിക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ച് ജില്ലയിലെ കോൾ കർഷകർ പ്രക്ഷോഭത്തിലേക്ക്. ഏഴിനു രാവിലെ 10.30ന് എംജി റോഡിൽ ചുങ്കത്തുനിന്ന് കളക്ടറേറ്റിലേക്ക് മാർച്ചും ധർണയും സംഘടിപ്പിക്കും. പ്രശ്നപരിഹാരം ഉണ്ടായില്ലെങ്കിൽ കോൾകർഷകർ ഈ വർഷം കൃഷിയിറക്കില്ലെന്നും ഭാരവാഹികൾ പറഞ്ഞു.
ഇൻസെന്റീവ് ഇനത്തിൽ 414 കോടി രൂപ സംസ്ഥാന സർക്കാർ കുടിശിക നൽകാനുണ്ട്. കോൾ മേഖലയിൽ സബ്മേഴ്സിബിൾ പന്പ് സ്ഥാപിച്ചതിലുള്ള കരാർ പൂർണമായും നടപ്പാക്കണം. കൃഷി വകുപ്പിന്റെ ശിപാർശ അനുസരിച്ചുള്ള കുമ്മായം വിതരണംചെയ്യണം. ഏനാമ്മാവ്, ഇടിയഞ്ചിറ, കൂത്തുമാക്കൽ, ഇല്ലിക്കൽ, കൊറ്റൻകോട്, എട്ടുമുന, ലിങ്ക് കനാൽ, കരാഞ്ചിറലോക്ക്, ചിറക്കൽതോട്, ഹെർബർട്ട് കനാൽ, റെഗുലേറ്ററുകൾ അറ്റകുറ്റപ്പണികൾ നടത്തി യന്ത്രവത്കരണം നടത്തുക, കാലാവസ്ഥാധിഷ്ഠിത വിള ഇൻഷ്വറൻസ് ക്ലെയിം രണ്ടു വർഷത്തെ നൽകുക, പന്പിംഗ് സബ്സിഡി സമയബന്ധിതമായി നൽകുക തുടങ്ങിയ ആവശ്യങ്ങളും സംഘം ഉന്നയിച്ചു.
വാർത്താ സമ്മേളനത്തിൽ ജില്ലാ കോൾ കർഷക സംഘം പ്രസിഡന്റ് മുരളി പെരുനെല്ലി എംഎൽഎ, ജനറൽ സെക്രട്ടറി കെ.കെ. കൊച്ചുമുഹമ്മദ്, ഓർഗനൈസേഷൻ സെക്രട്ടറി എൻ.കെ. സുബ്രഹ്മണ്യൻ, ട്രഷറർ എൻ.എസ്. അയൂബ്, വൈസ് പ്രസിഡന്റുമാരായ കെ. രാജേന്ദ്രബാബു, ഗോപി കോളങ്ങാട്ട്, സെക്രട്ടറിമാരായ പി.ആർ. വർഗീസ്, ടി.എ. പോൾ എന്നിവർ പങ്കെടുത്തു.