മരംവീണ് സംസ്ഥാനപാതയുടെ അടിവശത്തു ഗര്‍ത്തം
1573051
Saturday, July 5, 2025 1:37 AM IST
പുല്ലൂര്‍: അപകടങ്ങള്‍ ഏറെനടക്കുന്ന ഇരിങ്ങാലക്കുട - പോട്ട സംസഥാനപാതയില് പുല്ലൂര്‍ തൊമ്മാന പാടശേഖരത്തിലൂടെ കടന്നുപോകുന്ന സംസ്ഥാനപാതയുടെ അടിവശത്ത് മരംവീണതോടെ വലിയ ഗര്‍ത്തം രൂപപ്പെട്ടു.
റോഡരികിലെ കല്കെട്ടില്നിന്ന വര്‍ഷങ്ങള്‍ പഴക്കമുള്ള മരമാണ് പാടത്തേയ്ക്ക് മറിഞ്ഞുവീണത്. കെഎല്‍ഡിസി കനാല്‍ ആരംഭിക്കുന്നിടത്ത് ചെമ്മീന്ച്ചാലില്നിന്നുവരുന്ന തോടിനരികിലെ മോട്ടോര്‍ ഷെഡിനു സമീപമാണ് മരം മറിഞ്ഞുവീണത്.
പാടത്തിന്റെ നിരപ്പില്‍നിന്നു ഏകദേശം 10 അടിയോളം ഉയര്‍ന്നാണ് സംസ്ഥാനപാത കടന്നുപോകുന്നത്. മരം നിലംപൊത്തിയത് റോഡിന്റെ സംരക്ഷണഭിത്തി തകര്‍ത്താണ്. ഇതുമൂലം റോഡിനടിയിലേക്ക് രണ്ടടിയോളം പൊള്ളയായി. ഇതിനുമുകളിലൂടെ വാഹങ്ങള്‍ പോയാല്‍ റോഡ് തകരാന്‍ സാധ്യതയുണ്ട്. റോഡില്‍ അപായ മുന്നറിയിപ്പ് വച്ചിട്ടുണ്ടെങ്കിലും അപകടാവസ്ഥയുടെ വ്യാപ്തി കുറയുന്നില്ല.
റോഡിനിരുവശത്തേയും പടശേഖരം വെള്ളംനിറഞ്ഞു കിടക്കുന്നതും അപകടാവസ്ഥ കൂട്ടുന്നുണ്ട്. ദശകങ്ങള്‍ക്ക് മുന്‍പ് നിര്‍മിച്ച തൊമ്മാന പാടശേഖരത്തിലൂടെ കടന്നുപോകുന്ന റോഡിന്റെ വീതികൂട്ടുകയും ഇരുവശവും കെട്ടി ബലപ്പെടുത്തുകയും വേണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. നടപ്പാതയുമില്ല, റോഡരികാണെങ്കില്‍ ഏതുനിമിഷവും ഇടിയുന്ന അവസ്ഥയിലും.
വല്ലക്കുന്ന് ഭാഗത്തുനിന്നും ഇറങ്ങിവരുന്ന റോഡ് തൊമ്മാന പാടശേഖരത്തിലൂടെ കടന്നുപോകുന്നിടത്താണ് വീതി നന്നേ കുറവ്. അരനൂറ്റാണ്ടിലേറെയായി റോഡിന്റെ അവസ്ഥയില്‍ മാറ്റമില്ല.
സംസ്ഥാനപാതയായി ഉയര്‍ന്നതോടെ ഇവിടെയൊഴികെ പലയിടത്തും റോഡിന്റെ വീതികൂടി. പാടശേഖരത്തിനു നടുവിലൂടെയുള്ള റോഡിനു ഇപ്പോള്‍ നടപ്പാതയ്ക്കുള്ള സ്ഥലമില്ല. റോഡ് കെട്ടിപ്പൊക്കിയ ഇവിടങ്ങളിലെ കരിങ്കല്ല് പാളികള്‍ പലതും അടര്‍ന്നനിലയിലാണ്. മഴക്കാലത്ത് സ്ഥിരം വെള്ളക്കെട്ട് രൂപപെടുന്നതിനാല്‍ റോഡിനു ബലക്കുറവുള്ളതായി അധികൃതരുടെ വര്‍ഷങ്ങള്‍ക്ക് മുന്നേയുള്ള പരിശോധനയില്‍ തെളിഞ്ഞിട്ടുള്ളതുമാണ്. ഇവിടെ റോഡിന്റെ ഇടതുവശം ചെറുതായി ചരിഞ്ഞ അവസ്ഥയിലുമാണ്. ബസ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഇവിടെ അപകടത്തില്‍പെടുന്നത് സാധാരണയാണ്.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ റോഡപകടങ്ങള്‍ ഉണ്ടാക്കുന്ന ബ്ലാങ്ക് സ്പോട്ടില്‍ ഒരിടമാണ് ഈ മേഖല. ഈ മേഖലയിലെ റോഡുകളുടെ വളവുകള്തീര്ത്ത് തൊമ്മാന പാടത്ത് റോഡിനു ഇരുവശവും വീതിയില്‍ കല്‍കെട്ട് നിര്‍മിച്ച് റോഡ് അടിയന്തരമായി പുനര്‍നിര്‍മിക്കണമെന്ന ആവശ്യം ഇതുവരെ അധികൃതര്‍ കേട്ടഭാവമില്ല.