വെള്ളക്കെട്ടിനെതിരേ മുരിങ്ങൂരിൽ കളിവഞ്ചിസമരം
1573052
Saturday, July 5, 2025 1:37 AM IST
മുരിങ്ങൂർ: ദേശീയപാത വികസനത്തിന്റെ പേരിൽ നാഷണൽ ഹൈവേ അഥോറിറ്റിയും കരാർ കമ്പനിയും നടപ്പിലാക്കുന്ന അശാസ്ത്രീയ നിർമാണങ്ങൾക്കും പ്രധാനപാതയിൽപോലും രൂപപ്പെടുന്ന വെള്ളക്കെട്ടിനുമെതിരേ മുരിങ്ങൂരിൽ കളിവഞ്ചി സമരം.
കേരള കോൺഗ്രസ്- എം ചാലക്കുടി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് എൻഎച്ച്എഐയുടെ അനാസ്ഥയ്ക്കെതിരേ സമരവുമായി രംഗത്തുവന്നത്.
മണിക്കൂറുകളോളം രൂപപ്പെടുന്ന ഗതാഗതക്കുരുക്കിന് അറുതിവരുത്താൻ ഉന്നതതല യോഗങ്ങൾ നടക്കുന്നതല്ലാതെ നിർദേശങ്ങൾ നടപ്പിലാക്കുന്നതിൽ അധികൃതർ വീഴ്ച വരുത്തുന്നതായി സമരക്കാർ ആരോപിച്ചു. വിവിധ വർണങ്ങളിലുള്ള കടലാസുവഞ്ചികൾ വെള്ളക്കെട്ടിലിറക്കിയായിരുന്നു പ്രതിഷേധം.
നിയോജകമണ്ഡലം പ്രസിഡന്റ് പോളി ഡേവിസ് ഉദ്ഘാടനംചെയ്തു. അഡ്വ.പി.ഐ. മാത്യു, കെ.ഒ. വർഗീസ്, പോളി റാഫേൽ, വി.ജെ. ജോജി, മെജോ ജോർജ്, പോൾ ടി.കുര്യൻ, നിക്സൻ പൊടുത്താസ് എന്നിവർ പ്രസംഗിച്ചു.