മുതുവറയില്‍ കാർ അപകടം; അഞ്ചുപേർക്കു പരിക്ക്
1573044
Saturday, July 5, 2025 1:37 AM IST
മുതുവറ: തൃശൂർ - കുറ്റിപ്പുറം സംസ്ഥാനപാതയിൽ മുതുവറ കേരള ഗ്രാമീണ്‍ ബാങ്കിന് മുന്നില്‍ നിർത്തിയിട്ടിരുന്ന പുഴയ്ക്കൽ സ്വദേശിയുടെ കാറിനു പിറകിൽ ഗുരുവായൂർ ഭാഗത്തുനിന്നും വന്നിരുന്ന തമിഴ്നാട് സ്വദേശികളുടെ കാർ നിയന്ത്രണം വിട്ട ഇടിച്ചു. അപകടത്തിൽ അഞ്ചുപേർക്കു പരിക്കേറ്റു. സംഭവസ്ഥലത്തുകൂടി കടന്നുപോയിരുന്ന തൃശൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ ആര്. ഇളങ്കോ രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നൽകി.
തൊട്ടുപിന്നാലെ പേരാമംഗലം പോലീസ് സ്ഥലത്തെത്തി നടപടികള്‍ ആരംഭിച്ചു. പരിക്കേറ്റവരെ മുതുവറ ആക്ട്സ് പ്രവര്‍ത്തകർ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിർത്തിയിട്ട കാറിൽ ഉണ്ടായിരുന്ന പുഴയ്ക്കൽ സ്വദേശി പുളിപ്പറമ്പിൽ ജയദാസൻ (61), തമിഴ്നാട് സ്വദേശികളായ പുച്ചുകൊട്ടയ് അനീഷ (30), പള്ളി സാമി (56), ചന്ദ്രലേഖ (60), ആരോകി സെൽവി (56) എന്നിവർക്കാണു പരിക്കുപറ്റിയത്.
ഇടിയുടെ ആഘാതത്തിൽ പുഴയ്ക്കൽ സ്വദേശിയുടെ കാർ തൊട്ടു മുന്‍പിലുണ്ടായിരുന്ന മരത്തിലും ഇടിച്ചു.
കാറിന്റെ മുൻഭാഗവും പിൻഭാഗവും തകർന്നനിലയിലായി. തമിഴ്നാട് സ്വദേശിയുടെ കാറിനും കേടുപാടുകൾ ഉണ്ട്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെയായിരുന്നു അപകടം.