അറിവുമാത്രമല്ല വീടിനു വെളിച്ചവും നൽകി വായനശാല
1572844
Friday, July 4, 2025 6:34 AM IST
തിരുവില്വാമല: വായനയിലൂടെ അറിവിന്റെ വെളിച്ചം പകരുന്നതോടൊപ്പം വൈദ്യുതിമുടങ്ങിയ വീടിന് വെളിച്ചംനൽകി ഒരു വായനശാല.
തിരുവില്വാമല ഗ്രാമീണ വായനശാലയാണ് വേറിട്ട സേവനത്തിലൂടെ ഒരു കുടുംബത്തിന് വെളിച്ചം സമ്മാനിച്ചത്. തിരുവില്വാമല പഞ്ചായത്തിലെ ഏഴാം വാർഡിൽ മലേശമംഗലം പ്ലാവിൻചുവട് പുതിയപാലം പള്ളത്തൊടി വള്ളിയെന്ന വയോധികയും അവരുടെ അസുഖബാധിതനായ മകൻ രാമനും താമസിക്കുന്ന വീട്ടിലേക്കാണ് തിരുവില്വാമല ഗ്രാമീണവായനശാല വെളിച്ചമെത്തിച്ചത്.
വനാതിർത്തിയിലുള്ള വീടാണിത്. ഇവിടേക്ക് വൈദ്യുതി എത്തിക്കാൻ സാധിക്കാത്ത സാഹചര്യമായതിനാൽ സോളാർ സംവിധാനത്തിലൂടെയാണ് വൈദ്യുതിയെത്തിച്ചിരുന്നത്. എന്നാൽ സോളാർ ബാറ്ററി കേടായതോടെ ഈ വീട്ടിൽ വെളിച്ചമില്ലാതായി.
മലേശമംഗലം റോഡിൽനിന്നു ഒരു കിലോമീറ്ററോളം കാടും മലയും താണ്ടി വേണം ഇവരുടെ വീട്ടിലെത്താൻ. വള്ളിയുടേയും രാമന്റെയും പണിതീരാത്ത വീട്ടിൽ വെളിച്ചമില്ലാത്ത ദുരവസ്ഥ അറിഞ്ഞ തിരുവില്വാമല ഗ്രാമീണ വായനശാല അധികൃതർ തങ്ങളുടെ ലൈബ്രറിയിലെ അംഗങ്ങളുടെ സഹായത്തോടെ സോളാർ ബാറ്ററി എത്തിക്കുകയും വെളിച്ചം പുന:സ്ഥാപിക്കുകയുമായിരുന്നു.
ഏഴുപതിറ്റാണ്ടിന്റെ പ്രവർത്തനപാരമ്പര്യമുള്ള തിരുവില്വാമല ഗ്രാമീണ വായനശാലയിൽ 700ഓളം അംഗങ്ങളുണ്ട്. പ്രസിഡന്റ് കെ.പി. ഉമാശങ്കർ, സെക്രട്ടറി ബാബു പരുശുറാം എന്നിവരുൾപ്പെടുന്ന ഭരണസമിതിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.