‘വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സർക്കാർ പരാജയം’
1436231
Monday, July 15, 2024 1:47 AM IST
ചാലക്കുടി: വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സർക്കാർ പൂർണമായും പരാജയപ്പെട്ടുവെന്നും സർക്കാർ അനുകൂലസംഘടനകൾക്കുവരെ സമരവുമായി തെരുവിൽ ഇറങ്ങേണ്ട ഗതികേടുവന്നിരിക്കുകയാണെന്നും കെപിഎസ്ടിഎ സംസ്ഥാന പ്രസിഡന്റ് കെ. അബ്ദുൾ മജീദ് പറഞ്ഞു.
സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും നൽകാനുള്ള ഡിഎ കുടിശികയും മറ്റു ആനുകൂല്യങ്ങളും നൽകാതെ ജീവനക്കാരെ ശത്രുക്കളെപോലെ കാണുന്ന സമീപനമാണ് സർക്കാരിനുള്ളത്. കേരള പ്രദേശ് സ്കൂൾ ടീച്ചേർസ് അസോസിയേഷൻ ഇരിങ്ങാലക്കുട വിദ്യാഭ്യാസജില്ലകമ്മിറ്റി നടത്തിയ നെക്സ്റ്റ് ജെൻ ടീച്ചർ നേതൃത്വ പരിശീലന സഹവാസക്യാമ്പ് ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസ ജില്ല പ്രസിഡന്റ് പ്രവീൺ എം.കുമാർ അധ്യക്ഷനായിരുന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് സാജു ജോർജ് അധ്യക്ഷനായിരുന്നു. സംസ്ഥാന എക്സിക്യുട്ടീവ് അംഗം എം .ജെ. ഷാജി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ആന്റോ പി.തട്ടിൽ, സി.ജെ. ദാമു, ടി.എസ്. സുരേഷ്കുമാർ എന്നിവർ പ്രസംഗിച്ചു.
ക്യാമ്പിന്റെ ഭാഗമായുള്ള കലാസന്ധ്യ കെ.എസ്. സുഹൈർ ഉദ്ഘാടനംചെയ്തു. വിവിധ സെഷനുകൾക്ക് വി.കെ. അജിത്കുമാർ, മോട്ടിവേഷൻ ട്രെയിനർ എഡിസൺ ഫ്രാൻസ്, ഐടി വിദഗ്ധൻ വിനോദ് പീച്ചനാട് എന്നിവർ നേതൃത്വം നൽകി.