മുളന്തുരുത്തി റെയിൽവേ മേൽപ്പാലം ഇന്ന് നാടിന് സമർപ്പിക്കും
1515340
Tuesday, February 18, 2025 3:30 AM IST
മുളന്തുരുത്തി: മുളന്തുരുത്തി നിവാസികളുടെ ചിരകാലാഭിലാഷമായ മുളന്തുരുത്തി റെയിൽവേ മേൽപ്പാലം ഇന്ന് നാടിന് സമർപ്പിക്കും. വൈകുന്നേരം മൂന്നിന് മേൽപ്പാലത്തിന് സമീപം പ്രത്യേകം തയാറാക്കുന്ന വേദിയിൽ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പാലം ഉദ്ഘാടനം ചെയ്യും. അഡ്വ. അനൂപ് ജേക്കബ് എംഎൽഎ അധ്യക്ഷത വഹിക്കും.
എംപിമാരായ അഡ്വ. ഫ്രാൻസിസ് ജോർജ്, ജോസ് കെ. മാണി എന്നിവർ മുഖ്യാതിഥികളാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, കളക്ടർ എൻ.എസ്.കെ. ഉമേഷ്, ആർബിഡിസികെ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി മാധവൻ, മുൻ എംഎൽഎമാർ, സമീപ പഞ്ചായത്തുകളിലെ പ്രസിഡന്റുമാർ തുടങ്ങിയവർ പ്രസംഗിക്കും.
മുളന്തുരുത്തി ലെവൽ ക്രോസിൽ റെയിൽവേ മേൽപ്പാലം നിർമിക്കണമെന്ന നാട്ടുകാരുടെ നാലു പതിറ്റാണ്ടായ ആവശ്യമാണ് ഇന്ന് സഫലമാകുന്നത്. റയിൽവേ പാളത്തിനു കുറുകെയുള്ള പാലം നിർമാണം 2018ൽ ആറു കോടി ചെലവിൽ റയിൽവേ പൂർത്തിയാക്കിയെങ്കിലും അപ്രോച്ച് റോഡ് നിർമിക്കാൻ കാലതാമസം വന്നതോടെ ഇക്കാലമത്രയും റെയിൽപ്പാതയ്ക്ക് മുകളിൽ മേൽപ്പാലം നോക്കുകുത്തി പോലെ നിൽക്കുകയായിരുന്നു.
2014ൽ ഉമ്മൻചാണ്ടി സർക്കാർ പാലത്തിനായി ബജറ്റിൽ തുക വകയിരുത്തി 2016ൽ അപ്രോച്ച് റോഡിന്റെ സ്ഥലമേറ്റെടുപ്പ് ആരംഭിച്ചപ്പോൾ സ്ഥലവില കുറവാണെന്ന് ചൂണ്ടിക്കാട്ടി ഏതാനും സ്ഥലമുടമകൾ കോടതിയിൽ പോയതോടെ പാലം നിർമാണം നീളുകയായിരുന്നു. പിന്നീട് കാലാനുസൃതമായി എസ്റ്റിമേറ്റിനേക്കാള്‍ 19.17 ശതമാനം കൂട്ടി നൽകിയ ടെൻഡർ തുകയിലാണ് നിർമാണം പൂർത്തിയാക്കിയത്.