വാട്ടര്‍ മെട്രോ പശ്ചിമകൊച്ചിയുടെ മുഖച്ഛായ മാറ്റും: മുഖ്യമന്ത്രി
1599049
Sunday, October 12, 2025 4:04 AM IST
കൊച്ചി: മട്ടാഞ്ചേരിയിലേക്ക് വാട്ടര്‍ മെട്രോ എത്തുന്നതോടെ പശ്ചിമ കൊച്ചിയുടെ മുഖഛായ വലിയ തോതില്‍ മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മട്ടാഞ്ചേരി, വെല്ലിംഗ്ടണ്‍ ഐലൻഡ് വാട്ടര്‍ മെട്രോ ടെര്‍മിനലുകളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസന രംഗത്തെ നിര്‍ണായക ചുവടുവയ്പാണ് വാട്ടര്‍മെട്രോ. യാത്രാ സംവിധാനങ്ങള്‍ ഒരുക്കുന്നതിനൊപ്പം ഫോര്‍ട്ട് കൊച്ചിയും മട്ടാഞ്ചേരിയും അടങ്ങുന്ന വൈവിധ്യപൂര്‍ണമായ പ്രദേശങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന കണ്ണിയായും വാട്ടര്‍മെട്രോ മാറും. നഗരത്തിലെ ജനങ്ങള്‍ക്കും നഗരത്തിനു ചുറ്റുമുള്ള ദ്വീപ് നിവാസികള്‍ക്കും ഇവിടേക്ക് വരുന്ന വിനോദ സഞ്ചാരികള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന സംവിധാനമാണിതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ആഗോള നിലവാരമുള്ള ജലഗതാഗത സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. ഇടക്കൊച്ചിയിലും തോപ്പുംപടിയിലും പുതിയ ടെര്‍മിനലുകള്‍ നിര്‍മിക്കുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കടമക്കുടിയിലെ ടെര്‍മിനലിന്റെ നിര്‍മാണം അന്തിമഘട്ടത്തിലാണ്. ഇവ യാഥാര്‍ഥ്യമാകുന്നതോടെ എറണാകുളം, തോപ്പുംപടി, മട്ടാഞ്ചേരി, കുമ്പളം, ഇടക്കൊച്ചി എന്നിവയെ പരസ്പരം ബന്ധിപ്പിക്കുന്ന പുതിയൊരു ജലഗതാഗത സംവിധാനം രൂപം കൊള്ളും. ഇതൊരു വാട്ടര്‍ സര്‍ക്യൂട്ടായി മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മട്ടാഞ്ചേരി വാട്ടര്‍ മെട്രോ സ്റ്റേഷനില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ മന്ത്രി പി. രാജീവ് അധ്യക്ഷനായി. സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി പ്രഫ. കെ.വി. തോമസ്, എംഎല്‍എമാരായ കെ.ജെ മാക്സി, ടി.ജെ. വിനോദ്, മേയര്‍ അഡ്വ. എം. അനില്‍കുമാര്‍, ഡെപ്യൂട്ടി മേയര്‍ കെ.എ. അന്‍സിയ, കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ലോകനാഥ് ബഹ്റ, കൗണ്‍സിലര്‍ ടി. പത്മകുമാരി, കൊച്ചി മെട്രോ ഡയറക്ടര്‍ (പ്രോജക്ട്) ഡോ. എം.പി. രാംനവാസ് തുടങ്ങിയവര്‍ പങ്കെടുത്തു.
വരാപ്പുഴ അതിരൂപതയ്ക്ക് നന്ദി
വാട്ടര്‍ മെട്രോ ടെര്‍മിനല്‍ നിര്‍മിക്കുന്നതിനായി ഭൂമി വിട്ടു നല്കിയ വരാപ്പുഴ അതിരൂപതക്ക് മുഖ്യമന്ത്രി നന്ദി പറഞ്ഞു. 22 സെന്റ് ഭൂമിയായിരുന്നു സംഭാവനയായി നല്‍കിയത്. നാടിന്റെ വികസനത്തിനായി സര്‍ക്കാരില്‍ പൂര്‍ണ വിശ്വാസമര്‍പ്പിച്ചാണ് വരാപ്പുഴ അതിരൂപത ഭൂമി നല്‍കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.