ജില്ലാകോടതി സമുച്ചയത്തിന് ബോംബ് ഭീഷണി; പോലീസ് അന്വേഷണം ആരംഭിച്ചു
1599050
Sunday, October 12, 2025 4:04 AM IST
കൊച്ചി: എറണാകുളം ജില്ലാകോടതി സമുച്ചയത്തിന് ബോംബ് ഭീഷണി ഉണ്ടായ സംഭവത്തില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വ്യാജ സന്ദേശത്തിനു പിന്നിലുള്ളവരെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
ജില്ലാ കോടതിയുടെ ഔദ്യോഗിക മെയിലില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 4.43നാണ് കോടതിയില്‍ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നും സ്ഫോടനം നടക്കുമെന്നും സന്ദേശമെത്തിയത്. ഉച്ചയ്ക്ക് സന്ദേശം ശ്രദ്ധയില്‍പ്പെട്ടയുടന്‍ ജില്ലാ ജഡ്ജിയുടെ ഓഫീസ് എറണാകുളം സെന്‍ട്രല്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് പോലീസ് സംഘവും ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും രണ്ട് മണിക്കൂര്‍ കോടതി കെട്ടിടത്തില്‍ പരിശോധന നടത്തിയെങ്കിലും ബോംബ് കണ്ടെത്താനായില്ല. ബോംബ് ഭീഷണിയെ തുടര്‍ന്ന് സമുച്ചയത്തിലെ കോടതികളുടെ പ്രവര്‍ത്തനം രണ്ട് മണിക്കൂറിലേറെ തടസപ്പെട്ടു.
സ്ഫോടന സാധ്യതയില്ലെന്ന് ജില്ലാ ജഡ്ജിയെ പോലീസ് അറിയിച്ചശേഷം വൈകിട്ട് മൂന്നോടെയായിരുന്നു കോടതികളുടെ പ്രവര്‍ത്തനം പുനരാരംഭിച്ചത്.