അങ്കമാലിയിലെ ശ്മശാന നിർമാണത്തിനെതിരേ പ്രതിഷേധവുമായി സംയുക്ത സമരസമിതി
1599058
Sunday, October 12, 2025 4:04 AM IST
അങ്കമാലി: ജനസാന്ദ്രതയുള്ള മുനിസിപ്പൽ ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ എന്നിവയോട് ചേർന്നുള്ള സ്ഥലത്ത് നഗരസഭ ആരംഭിക്കുവാനിരിക്കുന്ന പൊതുശ്മശാനം അവിടെനിന്നു മാറ്റിസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് റെയിൽവേ സ്റ്റേഷൻ നഗർ റസിഡന്റ്സ് അസോസിയേഷനും പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷനും അങ്കമാലി മർച്ചന്റ്സ് യൂണിയനും സംയുക്തമായി സായാഹ്ന ധർണ സംഘടിപ്പിച്ചു.
റെയിൽവേ സ്റ്റേഷൻ ജംഗ്ഷനിൽ റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് റിന്റോ ഡേവിസിന്റെ അധ്യക്ഷതയിൽ കൂടിയ പ്രതിഷേധയോഗം കുസാറ്റ് റിസർച്ചർ ഡോ. ജി.ഡി. മാർട്ടിൻ ഉദ്ഘാടനം ചെയ്തു. പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സെക്രട്ടറി ബി.ഒ .ഡേവിസ്, മർച്ചന്റ്സ് യൂണിയൻ പ്രസിഡന്റ് ആന്റു മാത്യു, ജിൻസി ജിമ്മി, പി.കെ. പുന്നൻ, സി.വി. മാർട്ടിൻ, ജിമ്മി ജോൺ, ജിബി വർഗീസ് എന്നിവർ പ്രസംഗിച്ചു.
ജനവാസം താരതമേന്യ കുറഞ്ഞ സ്ഥലങ്ങൾ വേറെ ഉണ്ടെന്നിരിക്കെ നഗരസഭ ഇത്രയും പ്രാധാന്യമേറിയ സ്ഥലത്ത് തന്നെ കുറഞ്ഞ വിസ്തൃതിയിൽ ശ്മശാനം സ്ഥാപിക്കാൻ എടുത്ത തീരുമാനത്തിനെതിരെ ശക്തമായ നിലപാടുമായി മുന്നോട്ടുപോകുമെന്ന് സമരസമിതി നേതാക്കൾ വ്യക്തമാക്കി.