സിബിഎസ്ഇ കൊച്ചി മെട്രോ സഹോദയ കലോത്സവം സമാപിച്ചു : തേവക്കല്‍ വിദ്യോദയ സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്മാര്
1599052
Sunday, October 12, 2025 4:04 AM IST
കൊച്ചി: തേവര സേക്രഡ് ഹാര്‍ട്ട് സിഎംഐ പബ്ലിക് സ്കൂളില്‍ സംഘടിപ്പിച്ച സിബിഎസ്ഇ കൊച്ചി മെട്രോ സഹോദയ കലോത്സവം സമാപിച്ചു. 818 പോയിന്റ് നേടി തേവക്കല്‍ വിദ്യോദയ സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്മാരായി.
അങ്കമാലി വിശ്വജ്യോതി പബ്ലിക് സ്കൂള്‍ 774 പോയിന്റോടെയും, കാലടി ശ്രീശാരദ വിദ്യാലയ 754 പോയിന്റോടെയും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. സമാപന സമ്മേളനത്തില്‍ സിനിമാ താരങ്ങളായ ഷറഫുദീനും മീനാക്ഷി മാധവിയും വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു.
എസ്എച്ച് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് മാനേജറും തേവര സേക്രഡ് ഹാര്‍ട്ട് സിഎംഐ പബ്ലിക് സ്കൂള്‍ പ്രിന്‍സിപ്പലുമായ റവ. ഡോ. വര്‍ഗീസ് കാച്ചപ്പിള്ളി, കൊച്ചി മെട്രോ സഹോദയ പ്രസിഡന്റും കേരള മാനേജ്മെന്റ് അസോസിയേഷന് സ്ഥാപക പ്രസിഡന്റുമായ അഡ്വ. ടി.പി.എം. ഇബ്രാഹിം ഖാന്,
കേരള സഹോദയ കോണ്‍ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ഡോ. ദീപ ചന്ദ്രന്, കൊച്ചി മെട്രോ സഹോദയ ജനറല്‍ സെക്രട്ടറി ജുബി പോള്‍, വി.പി. പ്രതീത, എം.ഐ. ജയലക്ഷ്മി, സൂസന് ബാരിദ്, കെ.പി. ഡിന്റോ, കവിത അലക്സാണ്ടര്‍ എന്നിവര്‍ സമാപന ചടങ്ങില്‍ പങ്കെടുത്തു.
65 സ്കൂളുകളില്‍ നിന്നായി 4,400ലധികം മത്സരാര്ഥികളും, അധ്യാപകരും രക്ഷാകര്‍ത്താക്കളുമായി പതിനായിരത്തിലധികം ആളുകളും ആറ് ദിവസങ്ങളിലായി നടന്ന കലോത്സവത്തില്‍ പങ്കെടുത്തു.