സംഘാടന മികവിൽ തിളങ്ങി തേവര എസ്എച്ച്
1599055
Sunday, October 12, 2025 4:04 AM IST
കൊച്ചി: മികവടയാളങ്ങളും പുതുമകളും സിബിഎസ്എ കൊച്ചി മെട്രോ സഹോദയ കലോത്സവം കൊടിയിറങ്ങുമ്പോൾ ആതിഥേയരായ തേവര സേക്രഡ് ഹാർട്ട് സിഎംഐ പബ്ലിക് സ്കൂളിനും തിളക്കം. അർധരാത്രിയോളം മത്സരങ്ങൾ നീണ്ടു പോവുന്ന കലോത്സവ പതിവ് തെറ്റിച്ച്, ചിട്ടയോടെയും തർക്കങ്ങളില്ലാതെയും, വിരുന്നെത്തിയവർക്ക് ഹൃദ്യമായി സ്വീകരണമൊരുക്കിയും കലോത്സവം പരിസമാപ്തിയിലെത്തിച്ചതിന്റെ അഭിമാന നേട്ടത്തിലാണ് സ്കൂൾ.
2003ൽ സ്ഥാപിതമായ തേവര സ്കൂൾ ആദ്യമായാണ് ഒരു സഹോദയ കലോത്സവത്തിന് വേദിയാവുന്നത്. വിദ്യാർഥികളും അധ്യാപകരും രക്ഷാകർത്താക്കളും പരിശീലകരുമായി പതിനായിരത്തിലധികം പേർ പങ്കെടുക്കുന്ന കലാ മാമാങ്കത്തിന് ആതിഥേയത്വം വഹിക്കാൻ കൊച്ചി മെട്രോ സഹോദയ നേതൃത്വം ആവശ്യപ്പെട്ടപ്പോൾ സ്കൂൾ പ്രിൻസിപ്പൽ റവ. ഡോ. വർഗീസ് കാച്ചപ്പിള്ളി അതേറ്റെടുക്കുകയായിരുന്നു.
കഴിഞ്ഞ രണ്ടര വർഷം കൊണ്ട് സ്കൂളിൽ അദ്ദേഹം അവതരിപ്പിച്ച വലിയ മാറ്റങ്ങളുടെ തുടർച്ചയായിരുന്നു മികവാർന്ന കലോത്സവത്തിന്റെ ആതിഥേയത്വവുമെന്ന് അധ്യാപകർ പറയുന്നു.