ദൈവദാസൻ മോൺ. ലോറൻസ് പുളിയനം അനുസ്മരണവും നേർച്ചസദ്യയും 20ന്
1515331
Tuesday, February 18, 2025 3:30 AM IST
ഇടക്കൊച്ചി: ദൈവദാസൻ മോൺ.ലോറൻസ് പുളിയനത്തിന്റെ 64 - മത് ചരമ വാർഷിക അനുസ്മരണം 20 ന് വിപുലമായ ചടങ്ങുകളോടെ നടക്കും. ഇടക്കൊച്ചി സെന്റ് ലോറൻസ് പള്ളിയിൽ നടക്കുന്ന അനുസ്മരണത്തോടനുബന്ധിച്ച് അരലക്ഷം പേർക്ക് നേർച്ചസദ്യ ഒരുക്കും. കൊച്ചി രൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ഡോ. ജെയിംസ് ആനാപറമ്പിൽ മുഖ്യകാർമികത്വം വഹിക്കും.മോൺ. ഷൈജു പര്യാത്തുശേരി സഹകാർമികനാകും.
നാളെ വൈകിട്ട് 5.30 ന് മുണ്ടംവേലി പള്ളിയിൽ ദിവ്യബലി ഉണ്ടാകും. തുടർന്ന് മുണ്ടംവേലിയിലെ ലോറൻസ് പുളിയനത്തിന്റെ ഭവനത്തിൽ നിന്ന് ദീപശിഖ, ഛായാ ചിത്ര പ്രയാണം ഇടക്കൊച്ചിയിലെ കബറിടത്തിൽ എത്തിച്ചേരും. 20ന് രാവിലെ 10 ന് നേർച്ചസദ്യ ആശീർവാദവും സമൂഹബലിയും. ഉച്ചയ്ക്ക് രണ്ടരവരെ തുടർച്ചയായി ഓരോ മണിക്കൂർ ഇടവിട്ട് ദിവ്യബലി ഉണ്ടാകും. വൈകിട്ട് അഞ്ചിന് പള്ളിയങ്കണത്തിൽ അനുസ്മരണ സമ്മേളനം നടക്കും.
ബുഫേ മാതൃകയിലാണ് അര ലക്ഷത്തോളം പേർക്ക് നേർച്ചസദ്യ ഒരുക്കുന്നത്. സദ്യയുടെ നടത്തിപ്പിനായി വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. നാനൂറോളം വോളണ്ടിയർമാരെ നിയോഗിച്ചിട്ടുണ്ട്. വികാരി റവ.ഡോ. മരിയൻ ജോസഫ് അറക്കൽ, ഫാ. അരുൺ മാത്യു തൈപ്പറമ്പിൽ, ജെൻസൺ റൊസാരിയോ, ഫ്രാൻസിസ് തോട്ടുവേലിൽ, സെബാസ്റ്റ്യൻ കോയിൽപറമ്പിൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.