തൃക്ക പാടശേഖരത്തിലേക്ക് മാലിന്യം ഒഴുക്കുന്നു
1514639
Sunday, February 16, 2025 4:08 AM IST
മൂവാറ്റുപുഴ: തൃക്ക പാടശേഖരത്തിലേക്ക് മാലിന്യം ഒഴുക്കുന്നതായി പരാതി. സമീപത്തെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നടക്കമുള്ള ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് ഉൾപ്പെടെയുമുള്ള മാലിന്യങ്ങളാണ് തൃക്ക പാടശേഖരത്തിലേക്കും തോട്ടിലേക്കും ഒഴുകിയെത്തുന്നത്.
പാടശേഖരത്തിലും പരിസരത്തുമായി മാലിന്യം നിറയുന്നതോടെ പ്രദേശവാസികൾ ദുരിതത്തിലായിരിക്കുകയാണ്. കാലങ്ങളായി പ്രദേശത്ത് മാലിന്യമൊഴുക്കൽ തുടർന്ന് വരികയാണെന്ന് പ്രദേശവാസികൾ പറഞ്ഞു. മാലിന്യം കെട്ടിക്കിടക്കുന്നത് മൂലം പ്രദേശത്ത് രൂക്ഷമായ ദുർഗന്ധമാണ് വമിക്കുന്നത്.
ഇതിനെല്ലാം പുറമേ പാടശേഖരത്തിൽകൂടി ഒഴുകുന്ന മലിനജലം പെരുന്തോടുവഴി മൂവാറ്റുപുഴയാറിലേക്കാണ് എത്തുന്നത്. പ്രദേശവാസികളുടെ ആവശ്യപ്രകാരം ആരോഗ്യവകുപ്പ് ജീവനക്കാർ സ്ഥലത്തെത്തി പരിശോധന നടത്തുകയും പാടശേഖരത്തിലെ മലിനജല സാന്പിൾ പരിശോധനക്കായി ശേഖരിക്കുകയും ചെയ്തു.