ശബരിമല തീർഥാടകരുടെ ബസ് കാറിലേക്കും വൈദ്യുത പോസ്റ്റിലേക്കും ഇടിച്ചുകയറി
1483493
Sunday, December 1, 2024 5:26 AM IST
മൂവാറ്റുപുഴ: ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് നിർത്തിയിട്ടിരുന്ന കാറിലേക്കും, വൈദ്യുത പോസ്റ്റിലേക്കും ഇടിച്ചു കയറി. പേഴയ്ക്കപ്പിള്ളി എസ് വളവിൽ ഇന്നലെ പുലർച്ചെ 2.30ഓടെയാണ് അപകടമുണ്ടായത്. പെരുന്പാവൂർ ഭാഗത്തുനിന്നും വരികയായിരുന്ന തമിഴ്നാട് സ്വദേശികളായ തീർഥാടകർ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. 40 ഓളം തീർഥാടകരാണ് അപകടത്തിൽപ്പെട്ട വാഹനത്തിലുണ്ടായിരുന്നത്.
അപകടത്തെ തുടർന്ന് കാറും വൈദ്യുതി പോസ്റ്റുകളുമായി ബസ് 50 മീറ്ററോളം മുന്നോട്ട് നീങ്ങുകയും ചെയ്തിരുന്നു. കാറിൽ യാത്രക്കാരാരും ഇല്ലാതിരുന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്. തീർഥാടകർ പരിക്കുകളേൽക്കാതെ രക്ഷപ്പെട്ടു. അപകടത്തിൽ കാർ പൂർണമായും തകർന്നു. എംസി റോഡിൽ ഗതാഗതവും തടസപ്പെട്ടു.
മൂവാറ്റുപുഴ അഗ്നിരക്ഷാസേനാംഗങ്ങൾ സ്ഥലത്തെത്തി റോഡിൽ നിന്നും വൈദ്യുത പോസ്റ്റുകളും മറ്റും നീക്കം ചെയ്താണ് ഗതാഗതം പുനസ്ഥാപിച്ചത്. അഗ്നിരക്ഷാസേനാംഗങ്ങളായ ടി.ടി. അനീഷ് കുമാർ, നിബിൻ ബോസ്, മുഹമ്മദ് നാസിം, കെ.എം. റിയാസ്, സാബു ജോസഫ്, ഗോപിനാഥൻപിള്ള എന്നിവർ ചേർന്നാണ് ഗതാഗതം പുനസ്ഥാപിച്ചത്.