പൂണിത്തുറ, മൂവാറ്റുപുഴ : കലഹത്തിന്റെ അലയടങ്ങാതെ സിപിഎം
1460370
Friday, October 11, 2024 3:22 AM IST
കൊച്ചി: പൂണിത്തുറയിലും മൂവാറ്റുപുഴയിലും സിപിഎമ്മിലുണ്ടായ തർക്കങ്ങളുടെയും കൈയാങ്കളിയുടെയും അലയൊലികൾ ജില്ലയിലെ പാർട്ടിയിൽ ഇനിയും കെട്ടടങ്ങിയില്ല. ജില്ലയിലെ സിഐടിയു നേതാവായ മുൻ എംഎൽഎയ്ക്കെതിരെ പാർട്ടി ജില്ലാ കമ്മറ്റിയംഗം കെ.ജെ.ജേക്കബ് നൽകിയ പരാതി അദ്ദേഹത്തിനു തന്നെ തിരിച്ചടിയായതാണു പുതിയ വിവാദം.
പാർട്ടിയിലെ കലഹങ്ങളുടെ പേരിൽ ജില്ലാ കമ്മിറ്റി യോഗത്തിൽ ജില്ലാ സെക്രട്ടേറിയറ്റംഗം ആർ.അനിൽകുമാറും സംസ്ഥാന കമ്മിറ്റിയംഗം ഗോപി കോട്ടമുറിക്കലും നൽകിയ രണ്ട് അന്വേഷണ റിപ്പോർട്ടുകളും ചർച്ചയ്ക്കു വച്ചിരുന്നു. ഗോപി കോട്ടമുറിക്കലിന്റെ അന്വേഷണ റിപ്പോർട്ട് ബൂമറാങ് പോലെ പരാതിക്കാരനെതിരെ തിരിച്ചടിച്ചത് നാടകീയമായി.
മുൻ എംഎൽഎയും ജില്ലയിലെ സിഐടിയു നേതാവുമായ അംഗത്തിനെതിരെ ജില്ലാ കമ്മറ്റിയംഗം കെ.ജെ.ജേക്കബ് നൽകിയ പരാതിയാണ് ജേക്കബിന് തന്നെ വിനയായത്. സാമ്പത്തിക ക്രമക്കേടെന്ന വാൾമുന ഉയർത്തിയാണ് സിഐടിയു നേതാവിനെതിരെ ജേക്കബ് പരാതി നൽകിയത്.
എന്നാൽ പരാതിയിൽ കഴമ്പില്ലെന്നും വ്യാജമാണെന്നുമാണ് കോട്ടമുറിക്കലിന്റെ റിപ്പോർട്ടിലുള്ളത്. ഇതോടെ സിഐടിയു നേതാവിനെതിരെ ഉയർന്ന ആരോപണം, സംസ്ഥാന കമ്മറ്റിയംഗമാകാനുള്ള ഇയാളുടെ സാധ്യതയെ ഇല്ലാതാക്കാൻ വേണ്ടി ഉയർത്തിയതെന്നാണ് പാർട്ടിക്കുള്ളിൽ വിലയിരുത്തലുണ്ടായി.
ജില്ലയിൽ നിന്നുള്ള സംസ്ഥാന കമ്മറ്റിയംഗങ്ങളായ എസ്.ശർമയും സി.എം.ദിനേശ് മണിയും കൊല്ലം സംസ്ഥാന സമ്മേളനത്തോടെ ഒഴിയാൻ സാധ്യതയുണ്ടെന്ന് പറയപ്പെടുന്നു. ഇങ്ങനെയുണ്ടാകുന്ന ഒഴിവിലേക്ക് പറഞ്ഞു കേൾക്കുന്നവരിൽ സിഐടിയു നേതാവിന്റെ പേരും ഉണ്ട്.
അത്തരമൊരു സാധ്യതയ്ക്കുള്ള വഴിയടയ്ക്കാനാണ് ആരോപണമുണ്ടായതെന്നാണ് പറയപ്പെടുന്നത്. പരാതി നൽകിയ കെ.ജെ.ജേക്കബ് ചികിത്സയിലായതിനാൽ കമ്മറ്റിയിൽ എത്തിയിരുന്നില്ല. അതുകൊണ്ട് തുടർ നടപടി, വിശദീകരണം ചോദിക്കുന്നതിലേക്ക് നീങ്ങുകയായിരുന്നു. കെ.ജെ.ജേക്കബിന്റെ ജില്ലാ കമ്മറ്റിയംഗത്വം നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും ഒരു വിഭാഗം കരുതുന്നുണ്ട്.
മൂവാറ്റുപുഴ ഏരിയാ കമ്മറ്റിയംഗമായ കെ.എൻ.ജയപ്രകാശിനെതിരെ വനിതാ നേതാവ് നൽകിയ പരാതിയും പാർട്ടി അന്വേഷിച്ചിരുന്നു. ഗൗരവമേറിയ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതോടെയാണ് ഏരിയാ കമ്മറ്റിയംഗത്തിന് പുറത്താകാതിരിക്കാൻ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.
അതേസമയം പിരിച്ചുവിടപ്പെട്ട പൂണിത്തുറ ലോക്കൽ കമ്മറ്റിയുടെ കാര്യത്തിൽ ജില്ലാ
സമ്മേളനത്തിന് മുന്പു തീരുമാനമുണ്ടാകുമെന്നറിയുന്നു. പൂണിത്തുറ ലോക്കൽ കമ്മറ്റി ഇല്ലാതാക്കി അതിലുള്ള 17 ബ്രാഞ്ചുകളിൽ ചിലതു തൃപ്പൂണിത്തുറ ഏരിയ കമ്മിറ്റിക്ക് കീഴിലുള്ള മരട് ലോക്കൽ കമ്മറ്റിയിലേക്കും ബാക്കിയുള്ളതു തൃക്കാക്കര ഏരിയ കമ്മറ്റിക്ക് കീഴിലുള്ള വൈറ്റില ലോക്കൽ കമ്മറ്റിയിലേക്കും ലയിപ്പിക്കാനുള്ള ആലോചനയാണു നടക്കുന്നത്.
പൂണിത്തുറ ലോക്കൽ കമ്മറ്റി നിലനിർത്താൻ തീരുമാനിച്ചാൽ നിലവിലുള്ള എൽസി അംഗങ്ങളുൾപ്പെട്ട കമ്മറ്റിയിൽ കോൺഗ്രസിൽ നിന്നും സിപിഎമ്മിലേക്കെത്തിയ നേതാവുമുൾപ്പെടെ നേതൃസ്ഥാനത്ത് വന്നേക്കാം. എന്തായാലും പൂണിത്തുറ ലോക്കൽ കമ്മറ്റിയെ സംബന്ധിച്ച സംഘടനാപരമായ അന്തിമ തീരുമാനമെടുക്കുക സംസ്ഥാന സെക്രട്ടേറിയറ്റായിരിക്കും.
കൂട്ടത്തല്ലിനെ തുടർന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട ഭാരവാഹികളും അംഗങ്ങളും കോൺഗ്രസിലേക്ക് ചേക്കേറുന്നുവെന്നും സൂചനയുണ്ട്. ഉദയംപേരൂരിൽ സിപിഎമ്മിൽ നിന്നകന്ന ഒരുവിഭാഗം കോൺഗ്രസിൽ ചേർന്നതിന്റെ പരിക്ക് പാർട്ടിക്കു മുന്നിലുണ്ട്. ഇവരുടെ കോൺഗ്രസ് പ്രവേശനത്തിന് ഇന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നടക്കാവിൽ എത്തുന്നുണ്ട്.