എടയാർ പൊട്ടിത്തെറി: ഗുരുതര ക്രമക്കേടുകളെന്ന് കണ്ടെത്തൽ
1460016
Wednesday, October 9, 2024 8:19 AM IST
ആലുവ: എടയാറിൽ അപകടത്തിന് കാരണമായ മൃഗക്കൊഴുപ്പ് സംസ്കരണ ഫാക്ടറിയിലെ മിനി ബോയിലർ എടയാറിൽ തന്നെ നിർമിച്ച് അനധികൃതമായി സ്ഥാപിച്ചതാണെന്ന് റിപ്പോർട്ട്. ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ഉദ്യോഗസ്ഥർ കമ്പനിയിൽ നടത്തിയ പരിശോധനയിലാണീ കണ്ടെത്തൽ.
650 ലിറ്റർ കപ്പാസിറ്റിയുള്ള ബോയിലർ അപകടം നടന്ന തലേന്ന് അറ്റകുറ്റപ്പണി നടത്തിയതാണ്. എടയാർ തന്നെയുള്ള മറ്റൊരു സ്ഥാപനമാണ് ഇത് നിർമിച്ച് നൽകിയത്. ബോയിലർ പ്രവർത്തിപ്പിച്ച് തുടങ്ങിയപ്പോൾ വെള്ളം ഒട്ടും ഇല്ലാത്തതായി തൊഴിലാളികൾക്ക് മനസിലായി. ചൂടായിരിക്കുന്ന ബോയിലറിലേക്ക് വെള്ളം പമ്പ് ചെയ്തു. അപ്പോൾ പെട്ടെന്നുണ്ടായ പ്രഷർ വ്യത്യാസത്തിലാണ് പൊട്ടിത്തെറി സംഭവിച്ചത്.
മൂന്ന് അറകൾ ഉണ്ടായിരുന്ന ബോയിലർ മൂന്ന് ഭാഗങ്ങളായാണ് ചിന്നിച്ചിതറിയത്. ഒരു ഭാഗം സമീപത്തെ പൂട്ടിക്കിടക്കുന്ന ബിനാനിസിങ്ക് കമ്പനി വളപ്പിലേക്കാണ് തെറിച്ചു വീണത്. നിയമ വിരുദ്ധമായി ശേഷി കുറഞ്ഞ ബോയിലറാണ് സ്ഥാപിച്ചിട്ടുള്ളതെന്നാണ് കണ്ടെത്തൽ. ഇതിന് ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പിന്റെ അംഗീകാരമുണ്ടായിരുന്നില്ല. ഇത്തരത്തിൽ നിരവധി ഗുരുതര സുരക്ഷാ വീഴ്ചകളാണ് കണ്ടെത്തിയിരിക്കുന്നത്.
കണ്ടം ചെയ്യാറായ ബോയിലറുകൾ ഉപയോഗിക്കുന്നതാണ് അപകടങ്ങൾക്ക് കാരണമാകുന്നതെന്ന് പ്രകൃതി സംരക്ഷണവേദി പരിസ്ഥിതി പ്രവർത്തകർ ആരോപിച്ചു. അന്തരീക്ഷ മലിനീകരണകരണത്തിനും അപകടങ്ങൾക്കും സർക്കാർ വകുപ്പുകൾക്ക് നിർണയക പങ്കുണ്ടെന്ന്
പരിസ്ഥിതി പ്രവർത്തകൻ ഏലൂർ ഗോപിനാഥ് പറഞ്ഞു. മലിനീകരണ നിയന്ത്രണ വകുപ്പി(പിസിബി)നേയും ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പിനുമെതിരെ ഉന്നതതല അന്വേഷണം വേണമെന്ന് പ്രകൃതി സംരക്ഷണവേദി ആവശ്യപ്പെട്ടു. ഇത്തരക്കാർക്കെതിരേ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് ഏലൂരിലെ പിസിബി കവാടത്തിനു മുന്നിൽ പ്രകൃതി സംരക്ഷണവേദി പരിസ്ഥിതി പ്രവർത്തകർ നിൽപ്പ് സമരം നടത്തി. ഏലൂർഗോപിനാഥ് ഉദ്ഘാടനം ചെയ്തു. കെ.എൻ. സുബ്രമണ്യൻ അധ്യക്ഷനായി,