പാനായിക്കുളം-മുപ്പത്തടം മില്ലുപടി റോഡ് ശോച്യാവസ്ഥയിൽ
1573363
Sunday, July 6, 2025 4:53 AM IST
ആലങ്ങാട്: പാനായിക്കുളം- മുപ്പത്തടം മില്ലുപടി റോഡിന്റെ അവസ്ഥ വളരെ ശോചനീയം. അടിക്കടിഅപകടങ്ങളും വാഹനങ്ങൾ റോഡിൽ പൂണ്ടുപോകുന്നതും പതിവ്. ആലങ്ങാട്- കടുങ്ങല്ലൂർ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന ലിങ്ക് റോഡാണിത്. ഒന്നര കിലോമീറ്ററോളം നീളമുള്ള റോഡ് കഴിഞ്ഞ കുറേ മാസങ്ങളായി പൂർണമായും തകർന്നു കുണ്ടും കുഴിയുമായി കിടക്കുകയാണ്.
മഴ പെയ്താൽ റോഡ് മുഴുവൻ ചെളി നിറയും കുഴികളിലെല്ലാം വെള്ളം കെട്ടിക്കിടന്നു കുഴി കാണാൻ പോലും കഴിയാത്ത അവസ്ഥയാണ്. ശോച്യാവസ്ഥയിലുള്ള റോഡ് നന്നാക്കാൻ ബന്ധപ്പെട്ടവർ തയാറാകാത്തതിനാൽ സൈക്കിളിലും കാൽനടയായും പോകുന്ന വിദ്യാർഥികളും പ്രയാമായവും ഉൾപ്പെടെ ദുരിതത്തിലാണ്. ദിവസവും ഒട്ടേറെ യാത്രക്കാരാണു റോഡിൽ തെന്നി വീഴുന്നത്.
പലതവണ പരാതി പറഞ്ഞിട്ടും റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ അധികൃതർ തയാറാകുന്നല്ലെന്നാണു നാട്ടുകാരുടെ ആക്ഷേപം. എത്രയും വേഗം റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാണ് താലൂക് വികസന സമിതി യോഗത്തിൽ ഹൈബി ഈഡൻ എംപിയുടെ പ്രതിനിധി എം.പി. റഷീദ് ആവശ്യപ്പെട്ടു.