തട്ടിക്കൊണ്ടു പോകൽ: ഒടുവില്‍ ആശങ്ക മാറ്റി പോലീസ് : "ഒമാനി ദമ്പതികള്‍ മിഠായി നല്‍കിയത് സ്നേഹത്തോടെ'
1573343
Sunday, July 6, 2025 4:25 AM IST
കൊച്ചി: അഭ്യൂഹങ്ങള്‍ക്കും ആശങ്കകള്‍ക്കും വിരാമം. എളമക്കരയില്‍ മിഠായി നല്കി കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതല്ലെന്ന് പോലീസ് കണ്ടെത്തി. മെഡിക്കല്‍ ടൂറിസത്തിനായി കേരളത്തില്‍ എത്തിയ ഒമാനി ദമ്പതികള്‍ മിഠായി നല്‍കിയത് തങ്ങളെ തട്ടിക്കൊണ്ടുപോകാനാണെന്ന് അഞ്ചും ആറും വയസുള്ള പെണ്‍കുട്ടികള്‍ തെറ്റിദ്ധരിച്ചതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്.
ഒമാനി ദമ്പതികളെയും കുട്ടികളുടെ രക്ഷിതാക്കളെയും ഒന്നിച്ചിരുത്തി സംഭവം വിശദീകരിച്ചതോടെ ആ ആശങ്ക അകന്നു. ഇടപ്പള്ളി പോണേക്കര മീഞ്ചിറ റോഡില്‍ വെള്ളിയാഴ്ച വൈകിട്ട് 4.30നായിരുന്നു സംഭവം. വെള്ള ഇന്നോവ ടാക്സി കാറില്‍ എത്തിയവര്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന് കുട്ടികള്‍ ട്യൂഷന് ടീച്ചറോട് പറഞ്ഞതാണ് ദുരൂഹതയ്ക്ക് വഴിവച്ചത്. കാറിന്റെ പിന്‍വശത്തിരുന്നയാള്‍ തങ്ങള്‍ക്ക് നേരെ മിഠായികള്‍ നീട്ടി.
ഇത് വാങ്ങതെ വന്നതോടെ കാറിലുണ്ടായിരുന്നയാള്‍ ഇളയ കുട്ടിയുടെ കൈക്ക് പിടിച്ചു വലിച്ചു, ഈ സമയം മൂത്ത കൂടി കരയുകയും ട്യൂഷനു പോകുന്ന വീട്ടിലേക്ക് കയറിയതോടെ കാര്‍ വേഗത്തില്‍ ഓടിച്ചുപോയെന്നുമായിരുന്നു കുട്ടികളുടെ മൊഴി.
സംഭവത്തില്‍ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കുട്ടികളുടെ അടുത്തെത്തിയ വാഹനം കണ്ടെത്തി. പിന്നാലെ ഇതില്‍ ആ സമയം യാത്ര ചെയ്തിരുന്ന ഒമാനി ദമ്പതികളെ എളമക്കര പോലീസ് വിളിച്ചു വരുത്തുകയായിരുന്നു. അമൃത ആശുപത്രിയില്‍ ചികിത്സയിലുള്ള ബന്ധുവിനെ കാണാന്‍ പോകുന്നതിനിടെയാണ് കുട്ടികള്‍ക്ക് മിഠായി നല്‍കിയതെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു.
വരുന്ന വഴിയില്‍ ഇവര്‍ മറ്റു പലര്‍ക്കും മിഠായി നല്‍കിയിരുന്നു. ഈ ദൃശ്യങ്ങള്‍ ഇവര്‍ പോലീസിന് കൈമാറി. തുടര്‍ന്ന് കുട്ടികളുടെ രക്ഷിതാക്കളെയും ഒരുമിച്ചിരുത്തി കാര്യങ്ങള്‍ വിശദീകരിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നില്ല.