മെട്രോ റെയിൽ അങ്കമാലിയിലേക്ക് ദീര്‍ഘിപ്പിക്കണമെന്ന് എംപി
1573357
Sunday, July 6, 2025 4:38 AM IST
കൊച്ചി: കൊച്ചിയുടെ സമീപ പട്ടണങ്ങളിലെ വര്‍ധിച്ചു വരുന്ന ഗതാഗതക്കുരുക്കിന് പരിഹാരമാകാൻ അങ്കമാലിയിലേയ്ക്ക് നെടുമ്പാശേരി വിമാനത്താവളം വഴി മെട്രോ റെയില്‍ ദീര്‍ഘിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ബെന്നി ബഹനാന് എംപി.
അങ്കമാലി - ശബരി റെയിൽവേ പാത പൂർത്തീകരിക്കുന്നതിനുള്ള നടപടികള്‍ കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട് വേഗത്തിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി തിരുവനന്തപുരത്ത് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത എംപി മാരുടെ യോഗത്തിലാണ് ഇക്കാര്യം ഉന്നയിച്ചത്.
അങ്കമാലി അയ്യമ്പുഴയിൽ 358 ഏക്കര്‍ സ്ഥലത്ത് ആരംഭിക്കാൻ വിഭാവനം ചെയ്ത ഗിഫ്റ്റ് സിറ്റിയുടെ സ്ഥലമെടുപ്പ് നടപടികൾ ആരംഭിച്ചതിനെ തുടർന്ന് ആ പ്രദേശത്തെ സ്ഥലം വില്പനയ്ക്കോ വായ്പയെടുക്കുന്നതിനോ സാധിക്കാത്ത പ്രതിസന്ധിയിലാണ് ഭൂവുടമകൾ. ഈ പ്രതിസന്ധിക്ക് പരിഹാരം കണ്ട് അടിയന്തരമായി സ്ഥലമെടുപ്പ് നടപടികൾ പൂര്‍ത്തീകരിച്ച് പദ്ധതി സാക്ഷാത്കരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം.
അങ്കമാലി -കുണ്ടന്നൂർ -കൊച്ചി ബൈപ്പാസിന്റെ സ്ഥലമെടുപ്പ് നടപടികൾക്കായി അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കേണ്ടതുണ്ട്. ഈ നടപടികൾ ഓഗസ്റ്റ് 31നകം പൂർത്തീകരിച്ചില്ലെങ്കിൽ ഇതുവരെ നടത്തിയ നടപടിക്രമങ്ങൾ വീണ്ടും ആദ്യം മുതല്‍ ആരംഭിക്കേണ്ടതായി വരും. നെടുമ്പാശേരി എയർപോർട്ടിന് സമീപത്തായി സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന റെയിൽവേ സ്റ്റേഷനു സ്ഥലം കൈമാറുന്നത് ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങളുംഎത്രയും വേഗം പൂര്‍ത്തീകരിക്കണം.
ആലുവ -ദേശം -പുറയാർ, അങ്കമാലി റെയിൽവേ സ്റ്റേഷൻ, നെടുമ്പാശേരിയിലെ അകപ്പറമ്പ് എന്നിവിടങ്ങളിലെ റെയിൽവേ മേൽപാലങ്ങളുടെ അലൈൻമെന്റുകൾ തീരുമാനിച്ച് സ്ഥലം ഏറ്റെടുത്ത് റെയില്‍വേ മേല്‍പ്പാലങ്ങള്‍ എത്രയും വേഗം പൂർത്തീകരിക്കുന്നതിന് പ്രത്യേക പരിഗണന നൽകണമെന്നും ബെന്നി ബഹനാൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥമേധാവികളും യോഗത്തിൽ പങ്കെടുത്തു.