ഇടക്കൊച്ചിയിലെ വേലിയേറ്റ വെള്ളക്കെട്ട് : താത്കാലിക തടയണ നിർമാണം എട്ടു മുതൽ
1573349
Sunday, July 6, 2025 4:37 AM IST
പള്ളുരുത്തി: ഇടക്കൊച്ചിയിൽ കായൽ വേലിയേറ്റ വെള്ളക്കെട്ടിന് 32 ലക്ഷം രൂപ ചെലവഴിച്ച് പ്രദേശത്ത് 250 മീറ്ററോളം നീളത്തിൽ നിർമിക്കുന്ന സംരക്ഷണ ഭിത്തിയുടെ നിർമാണം അവസാന ഘട്ടത്തിൽ. കൗൺസിലർ ജീജ ടെൻസൻ മുൻകൈയെടുത്താണ് സംരക്ഷണ ഭിത്തി പൂർത്തീകരിക്കുന്നത്.
കൗൺസിലർമാരുടെ ആവശ്യം പരിഗണിച്ച് ജില്ലാ കളക്ടർ അനുവദിച്ച ദുരന്തനിവാരണ ഫണ്ട് ഉപയോഗിച്ചുള്ള താത്കാലിക തടയണയുടെ നിർമാണം ചൊവാഴ്ച്ച തുടങ്ങുമെന്ന് വാർഡ് കൗൺസിലർ ജീജ ടെൻസൻ പറഞ്ഞു.
വേലിയേറ്റ ദുരിതത്തിലായ ഇടക്കൊച്ചി കമ്പനി പറമ്പ് ഭാഗം, കുട്ടികൃഷ്ണൻ വൈദ്യർ റോഡ്, അംബേദ്കർ റോഡ് എന്നിവിടങ്ങളിലാണ് കായൽ വേലിയേറ്റ വെള്ളക്കെട്ട് മൂലം ജനങ്ങൾ ദുരിതം അനുഭവിക്കുന്നത്. ഈ പ്രദേശങ്ങളിലേക്ക് തുറന്നു കിടക്കുന്ന വലിയ കനാലുകൾ വഴിയാണ് കായൽ വെള്ളം ഇവിടേക്ക് ഒഴുകിയെത്തുന്നത്.
ഇറിഗേഷൻ വകുപ്പ് നടപ്പിലാക്കുന്ന സ്ലൂയിസുകൾ ടെണ്ടർ നടപടിയായിട്ടുണ്ട്. ഇറിഗേഷൻ വകുപ്പിന്റെ സ്ളൂയിസ് നിർമാണം താമസിക്കുന്നതിനാലാണ് താത്കാലിക തടയണക്കായി കളക്ടർ പണം അനുവദിച്ചത്.
പ്രദേശത്തെ വേലിയേറ്റ ദുരിതം മനസിലാക്കി മേയർ എം. അനിൽകുമാർ ചെറുതും വലുതുമായി ഏഴ് സ്ളൂയിസുകൾക്ക് അനുമതി നൽകിയിട്ടുണ്ട്. ടെൻഡർ നടപടിയിലായ പ്രവൃത്തിയും താമസിയാതെ ആരംഭിക്കാനാകുമെന്ന് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.എ. ശ്രീജിത്ത് പറഞ്ഞു.
ഇറിഗേഷന്റെയും നഗരസഭയുടേയും പ്രവൃത്തി പൂർത്തീകരിക്കുന്നതോടെ പ്രദേശത്തെ വേലിയേറ്റ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമാകുമെന്ന് കൗൺസിലർ ജീജ ടെൻസൻ പറഞ്ഞു.