‘തട്ടേക്കാട് പക്ഷിസങ്കേതത്തിൽനിന്നു ജനവാസ മേഖലയെ പൂർണമായും ഒഴിവാക്കണം’
1459258
Sunday, October 6, 2024 4:30 AM IST
കോതമംഗലം: തട്ടേക്കാട് പക്ഷിസങ്കേതത്തിൽനിന്ന് ജനവാസ മേഖലയെ പൂർണമായും ഒഴിവാക്കാൻ കേന്ദ്ര സർക്കാരിനോട് വീണ്ടും ആവശ്യപ്പെടും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന വന്യജീവി ബോർഡ് യോഗത്തിലാണ് തീരുമാനമെന്ന് ആന്റണി ജോൺ എംഎൽഎ അറിയിച്ചു.
തട്ടേക്കാട് പക്ഷിസങ്കേതത്തിൽനിന്ന് 8.9725 ചതുരശ്ര കിലോമീറ്റർ ജനവാസ മേഖല ഒഴിവാക്കി മൂന്നാർ ഡിവിഷനിൽനിന്ന് 10.1694 ചതുരശ്ര കിലോമീറ്റർ റിസർവ് വനമേഖല പക്ഷിസങ്കേതത്തിൽ ഉൾപ്പെടുത്താനുള്ള നിർദേശവും ദേശീയ വന്യജീവി ബോർഡ് സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ അംഗീകാരം ലഭ്യമാക്കുവാൻ വീണ്ടും ശുപാർശ ചെയ്യും.
ഇതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ ആവശ്യപ്പെട്ട അധിക വിവരങ്ങൾ ഉൾപ്പെടെ ചേർത്ത് ശുപാർശ സമർപ്പിക്കുവാനും യോഗം തീരുമാനിച്ചതായി എംഎൽഎ പറഞ്ഞു. ഈ മാസം ഒൻപതിന് ദേശീയ വന്യജീവി ബോർഡ് യോഗം പരിഗണിക്കാനായാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നത്.