സിപിഎം തളിക്കുന്ന്, ചെള്ളയ്ക്കപ്പടി ബ്രാഞ്ച് സമ്മേളനങ്ങൾ നിർത്തിവച്ചു
1459256
Sunday, October 6, 2024 4:27 AM IST
കൂത്താട്ടുകുളം: സിപിഎം തളിക്കുന്ന്, ചെള്ളയ്ക്കപ്പടി ബ്രാഞ്ച് സമ്മേളനങ്ങൾ നിർത്തിവച്ചു. പാർട്ടിയിലുണ്ടായ കടുത്ത വിഭാഗീയതയെ തുടർന്ന് പാർട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ചുള്ള ബ്രാഞ്ച് സമ്മേളനങ്ങളാണ് നിർത്തിവച്ചത്.
തളിക്കുന്നിൽ നിലവിലുള്ള ബ്രാഞ്ച് സെക്രട്ടറി കെ.എം. സുജാതക്കെതിരേ വ്യാപാര വ്യവസായ സമിതി ജില്ലാ പ്രസിഡന്റും കൂത്താട്ടുകുളം നഗരസഭാംഗവുമായ റോബിൻ ജോണ്‍ വൻനിലം മത്സരരംഗത്ത് വന്നതോടെയാണ് ബ്രാഞ്ച് സമ്മേളനം നിർത്തിവച്ചത്.
കൂത്താട്ടുകുളം സിപിഎം ഏരിയാ കമ്മിറ്റിയംഗം ബിജു സൈമണിന്റെ സാന്നിദ്ധ്യത്തിലായിരുന്നു തളിക്കുന്ന് ബ്രാഞ്ച് സമ്മേളനം. ചെളയ്ക്കപ്പടി ബ്രാഞ്ച് സമ്മേളനവും വിഭാഗീയതയെതുടർന്ന് നിർത്തിവച്ചു. നിലവിലുള്ള ബ്രാഞ്ച് സെക്രട്ടറി അനീഷിനെതിരേ പി.പി. പ്രകാശ് മത്സരിച്ചതോടുകൂടിയാണ് ചെള്ളയ്ക്കപ്പടി ബ്രാഞ്ച് സമ്മേളനം നിർത്തിവച്ചത്.
സിപിഎം ഏരിയാ കമ്മിറ്റിയംഗവും കാക്കൂർ സഹകരണ ബാങ്ക് പ്രസിഡന്റുമായ അനിൽ ചെറിയാന്റെ സാന്നിദ്ധ്യത്തിലാണ് സമ്മേളനം ചേർന്നത്. കുത്താട്ടുകുളം ടൗണ്‍ നോർത്ത് പാലക്കുന്നേൽത്താഴം ബ്രാഞ്ച് സമ്മേളനം നിർത്തിവച്ചിരുന്നു. പാർട്ടി നേതൃത്വവുമായി അഭിപ്രായഭിന്നത ശക്തമായതുകൊണ്ടാണ് മത്സരമുണ്ടാകുന്നത്.
സാധാരണഗതിയിൽ ബ്രാഞ്ച് സെക്രട്ടറിയായി ഒരാളുടെ പേര് മറ്റൊരാൾ പറയുകയും വേറൊരാൾ പിന്താങ്ങും. എതിർപ്പ് ഇല്ലെങ്കിൽ തെരഞ്ഞെടുക്കപ്പെടും. വിഭാഗീയത തുടരുന്നതിനാൽ ലോക്കൽ സമ്മേളനം നീട്ടിവയ്ക്കാനാണ് സാധ്യത.