വാഹനങ്ങൾ പൊളിക്കുന്ന കേന്ദ്രത്തിനെതിരേ പരാതി
1459016
Saturday, October 5, 2024 5:00 AM IST
മൂവാറ്റുപുഴ: പഴയ വാഹനങ്ങൾ പൊളിക്കുന്ന കേന്ദ്രത്തിനെതിരേ പ്രദേശവാസികൾ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി. പായിപ്ര പഞ്ചായത്ത് എട്ടാം വാർഡിലെ പെരുമറ്റം കൂളുമാരിയിൽ പ്രവർത്തിക്കുന്ന കേന്ദ്രത്തിനെതിരേയാണ് പരാതി നൽകിയിരിക്കുന്നത്. ഇതിന്റെ പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി സമീപത്തെ സ്ഥലം ഏറ്റെടുത്ത് പുതിയ വാഹനം പൊളിക്കുന്നതിനുള്ള കേന്ദ്രം ആരംഭിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിരിക്കുകയാണ്.
നിലവിൽ ഇവിടെ പഴയ വാഹനങ്ങൾ പൊളിക്കുന്നത് മൂലം പ്രദേശവാസികൾക്ക് ഏറെ ദുരിതമാണ്. മഴക്കാലത്ത് പഞ്ചായത്തിൽ ഏറ്റവും ആദ്യം വെള്ളം കയറുന്ന പ്രദേശങ്ങളിൽ ഒന്നാണ് കൂളുമാരി. മാത്രവുമല്ല മഴക്കാലത്ത് ഈ കേന്ദ്രത്തിൽ നിന്നുള്ള വാഹനങ്ങളുടെ കരിഓയിൽ അടക്കമുള്ള മാലിന്യങ്ങൾ കിണറിലും സമീപ പ്രദേശങ്ങളിലെ വീടുകളിലേക്കും മൂവാറ്റുപുഴയാറിലേക്കുമാണ് ഒഴുകിയെത്തുന്നത്.
നിലവിൽ മാലിന്യങ്ങൾ സംസ്കരിക്കുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കാതെയാണ് വീണ്ടും സമീപത്തെ സ്ഥലം ഏറ്റെടുത്ത് വിപുലീകരിക്കുന്നതിനുള്ള നീക്കം. ഇതിന്റെ പ്രവർത്തനത്തിന് അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ടാണ് പ്രദേശവാസികൾ ഒപ്പിട്ട നിവേദനം പഞ്ചായത്ത് സെക്രട്ടറിക്ക് നൽകിയിരിക്കുകയാണ്.