മുൻ ഏരിയ കമ്മിറ്റിയംഗമുൾപ്പെടെ ഉദയംപേരൂരിൽ അന്പതോളം സിപിഎം പ്രവർത്തകർ കോൺഗ്രസിലേക്ക്
1458994
Saturday, October 5, 2024 4:39 AM IST
ഉദയംപേരൂർ: ഉദയംപേരൂരിൽ നിന്ന് മുൻ ഏരിയ കമ്മിറ്റിയംഗമുൾപ്പെടെ അന്പതോളം സിപിഎം പ്രവർത്തകർ കോൺഗ്രസിലേക്ക്. മുൻ ഏരിയ കമ്മറ്റിയംഗവും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന എം.എൽ. സുരേഷിന്റെ നേതൃത്വത്തിൽ എട്ട് മുൻ ലോക്കൽ കമ്മിറ്റിയംഗങ്ങൾ ഉൾപ്പെടെയാണ് കോൺഗ്രസിൽ ചേരുന്നത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെ തുടർന്ന് സിപിഎമ്മിലുണ്ടായ പൊട്ടിത്തെറിയാണ് പാർട്ടിയിൽ നിന്നുള്ള കൊഴിഞ്ഞുപോക്കിലേക്കെത്തിയത്. 11ന് ഉദയംപേരൂർ നടക്കാവിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ ഇവർ കോൺഗ്രസ് അംഗത്വം സ്വീകരിക്കും. സിപിഎം സ്വാധീനമേഖലയായ ഉദയംപേരൂരിലെ ഈ മാറ്റം ജില്ലയിൽ തന്നെ സിപിഎമ്മിന് കനത്ത തിരിച്ചടിയാകുമെന്ന് വിലയിരുത്തുന്നു.
അതേസമയം ഉദയംപേരൂരിൽ കോൺഗ്രസിനോടൊപ്പം ചേർന്നു പ്രവർത്തിക്കുമെന്ന് പറയുന്നവർ സിപിഎം അംഗങ്ങളോ പ്രവർത്തകരോ അല്ലെന്ന് സിപിഎം തൃപ്പൂണിത്തുറ ഏരിയ സെക്രട്ടറി പി. വാസുദേവൻ പറഞ്ഞു.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എം. സ്വരാജിനെ പരാജയപ്പെടുത്താൻ ശ്രമിച്ചതിനെ തുടർന്ന് പാർട്ടി നടപടിയെടുത്ത് സംഘടനാ ചുമതലകളിൽ നിന്നൊഴിവാക്കിയ വ്യക്തിയാണ് എം.എൽ. സുരേഷെന്നും അദ്ദേഹം പറഞ്ഞു.