ചേരാനല്ലൂര്‍ നാനാഴി നീര്‍പ്പാലം സ്ലാബ് ഒടിഞ്ഞ് അപകടാവസ്ഥയിൽ
1454297
Thursday, September 19, 2024 3:29 AM IST
പെരുമ്പാവൂര്‍: ചേരാനല്ലൂര്‍ മൈനര്‍ ഇറിഗേഷന്‍ പദ്ധതിയിൽ തോട്ടുവാ ഭാഗത്തേക്ക് വെള്ളം കൊണ്ടുപോകുവാൻ നാനാഴി നീര്പ്പാലത്തിലൂടെയുള്ള യാത്ര ദുഷ്കരമായി. പാലത്തിനു മുകളിലെ സ്ലാബ് നടുവെ ഒടിഞ്ഞതിനാൽ ഇതറിയാതെ എത്തുന്ന ഇരുചക്രവാഹന യാത്രികരും കുട്ടികളും മറ്റും അപകടത്തിൽപ്പെടാനുള്ള സാധ്യത ഏറെയാണ്.
പാലത്തിന്റെ മുകളിലൂടെ സ്ലാബ് വിരിച്ചാണ് ഇരുചക്ര വാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും പോകുവാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. ചേരാനല്ലൂര്‍, ഓച്ചാംതുരുത്ത് ഭാഗങ്ങളില്‍ നിന്നും തോട്ടുവാ ഭാഗത്തേക്ക് പോകുവാനുള്ള ഏറ്റവും എളുപ്പമാര്‍ഗമാണ് നാനാഴി നീര്‍പാലം.
35 മീറ്ററോളം നീളമുണ്ട് ഈ പാലത്തിന്. പാലത്തിന്റെ കിഴക്ക് വശത്തുള്ളവര്‍ക്ക് ചേരാനല്ലൂര്‍ ശിവക്ഷേത്രം, ചേരാനല്ലൂര്‍ പള്ളി, യുപി സ്കൂള്‍ എന്നിവിടങ്ങളിലേക്കും, പാലത്തിന്റെ പടിഞ്ഞാറ് ഭാഗത്തുള്ളവര്‍ക്ക് തോട്ടുവ ധന്വന്തരി ക്ഷേത്രം, തോട്ടുവാ- കൂവപ്പടി ഭാഗങ്ങളിലുള്ള വിവിധ സ്കൂളുകളിലേക്കും സൈക്കിളിനും കാല്‍നടയായും കുട്ടികളടക്കം നിരവധി പേരാണ് ഇതിലെ പോകുന്നത്.
പാലത്തിന്റെ ഏറ്റവും പടിഞ്ഞാറ് ഭാഗത്തെ സ്പാനിലാണ് സ്ലാബ് ഒടിഞ്ഞിരിക്കുന്നത്. വിവിധ ഭാഗങ്ങളിലായി പത്തോളം സ്ലാബുകള്‍ നടുവേ പൊട്ടിയിരിക്കുന്നുമുണ്ട്. രാത്രി വെളിച്ചമില്ലാത്ത ഈ ഭാഗത്ത് സ്ലാബ് ഇടിഞ്ഞിരിക്കുന്നത് അറിയാതെ വരുന്ന ഇരുചക്രവാഹനക്കാരും കാല്‍നടയാത്രക്കാരും അപകടത്തില്‍ പെടാന്‍ സാധ്യതയുണ്ട്.
എത്രയും വേഗം നാനാഴി നീര് പാലത്തിന്റെ ഒടിഞ്ഞതും കേടു വന്നതുമായ സ്ലാബുകള്‍ മാറ്റി സ്ഥാപിക്കുകയും വേനല്‍ കടുക്കുന്നതിനു മുന്‍പ് മോട്ടോറുകളുടെയും കനാലിന്റെയും അറ്റകുറ്റപ്പണികള്‍ തീര്‍ക്കണമെന്നും ബിജെപി നേതാക്കളായ ദേവച്ചന്‍ പടയാട്ടില്‍, എന്‍.സി. അശോകന്, ബാബു മാലി എന്നിവര്‍ അധികൃതരോട് ആവശ്യപ്പെട്ടു.