പുതുതലമുറയ്ക്ക് സാഹിത്യ പഠനക്ലാസുകള്‍ നല്‍കണം: പ്രഫ. എം.കെ. സാനു
1443003
Thursday, August 8, 2024 4:05 AM IST
കൊച്ചി: സംസ്കാരം പരിരക്ഷിക്കണമെങ്കില്‍ പുതുതലമുറയ്ക്ക് സാഹിത്യ പഠനക്ലാസുകള്‍ നല്‍കണമെന്ന് പ്രഫ. എം.കെ. സാനു. ആത്മീയതയും സംസ്കാരവും ജീവിതമൂല്യങ്ങളുമുള്ള പുതിയ അവബോധം പുതുതലമുറയില്‍ സൃഷ്ടിക്കുകയും വേണമെന്ന് സാനു മാസ്റ്റര്‍ അഭിപ്രായപ്പെട്ടു.
മൂല്യ ശ്രുതി മാസിക, ചാവറ കള്‍ച്ചറല്‍ സെന്റര്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ കോളജ് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ഏകദിന സാഹിത്യ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ.അനില്‍ ഫിലിപ്പ് അധ്യക്ഷത വഹിച്ചു.
പി.എഫ്. മാത്യൂസ്, വിനോദ് കൃഷ്ണ, ട്രൈബി പുതുവയല്‍, കെ. അജിത്കുമാര്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. കഥ, കവിത രചന മത്സരങ്ങളില്‍ വിജയിച്ചവര്‍ക്ക് സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും തനുജ ഭട്ടതിരി സമ്മാനിച്ചു. സി.എ. പ്രമോദ് ബാബു, ജിജോ ചാക്കോ എന്നിവര്‍ കോ-ഓർഡിനേറ്റര്‍മാരായിരുന്നു.