ദുരന്ത നിവാരണം: നഷ്ടപരിഹാരത്തിന് കച്ചവട സ്ഥാപനങ്ങളെ കൂടി ഉൾപ്പെടുത്തണമെന്ന്
1441847
Sunday, August 4, 2024 4:55 AM IST
അങ്കമാലി: ദേശീയ ദുരന്ത നിവാരണ നിയമത്തിൽ നഷ്ടപരിഹാരത്തിന് കച്ചവട സ്ഥാപനങ്ങളെ കൂടി ഉൾപ്പെടുത്തി കൊണ്ട് നിയമ നിർമാണം നടത്തണമെന്ന് കേരള വ്യപാരി വ്യവസായി ഏകോപന സമിതി എറണാകുളം ജില്ലാ പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ വിഭാഗങ്ങളെയും പോലെ കച്ചവട സ്ഥാപനങ്ങളുടെയും കൂടി നഷ്ടം തിട്ടപ്പെടുത്തി നഷ്ടപരിഹാരം നല്കുന്നതിന് നിയമ ഭേദഗതി അടിയന്തിരമായി നടപ്പാക്കണമെന്ന് പ്രമേയത്തിലൂടെ കേന്ദ്ര സംസ്ഥാനസർക്കാരുകളോട് ആവശ്യപ്പെട്ടു.
വയനാട് ദുരന്തത്തിന് ഇരയായ വ്യാപാരികളുടെയും മറ്റുള്ള വരുടെയും പുനരധിവാസത്തിനായി സംസ്ഥാന പ്രസിഡന്റ് രാജു അപ്സരയുടെ നേത്രുത്തത്തിൽ, സ്വരൂപിക്കുന്ന ദുരിതാശ്വാസ സഹായ നിധിയിലേക്ക് എറണാകുളം ജില്ല ഒരു കോടി രൂപ സമാഹരിച്ച് നല്കുവാൻ തീരുമാനമായി. അങ്കമാലി വ്യാപാരഭവനിൽ നടന്ന പ്രവർത്തക സമിതി യോഗം ജില്ലാ പ്രസിഡന്റ് പി.സി.ജേക്കബ് ഉദ്ഘാടനം ചെയ്തു.
ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ഏ.ജെ. റിയാസ്, ട്രഷറർ സി.എസ്. അജ്മൽ, ജില്ലാ ഭാരവാഹികളായ ജിമ്മി ചക്യത്ത്, എം.സി. പോൾസൺ, ഇ.എം. ജോണി, എം.കെ. രാധാകൃഷ്ണൻ, കെ. ഗോപാലൻ, എൻ. പി. അബ്ദുൾ റസാക്ക് , പി.എ. കബീർ , ജോസ് വർഗീസ്, ജോസ് കുര്യാക്കോസ്, എൻ.വി. പോളച്ചൻ, നിയോജക മണ്ഡലം പ്രസിഡന്റ് പി.കെ. പുന്നൻ , അങ്കമാലി മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ജോണി കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു.