പിറവത്ത് കുപ്പിച്ചില്ല് നിർമാർജനം
1441285
Friday, August 2, 2024 4:28 AM IST
പിറവം: മാലിന്യമുക്ത നവകേരളയുടെ ഭാഗമായി ‘ക്ലീൻ പിറവം' കാമ്പയിനോടനുബന്ധിച്ച് കുപ്പിച്ചില്ല് നിർമാർജന പദ്ധതി ആരംഭിച്ചു. ഹരിതകർമ സേനയുടെ നേതൃത്വത്തിൽ മാസം തോറും വീടുകളിൽ നിന്നും പ്ലാസ്റ്റിക് മാലിന്യമുൾപ്പടെയുള്ള അജൈവ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന്റെ ഭാഗമായാണ് കുപ്പിച്ചില്ല് ശേഖരിച്ചത്. 27 വാർഡുകളിൽ 20 കളക്ഷൻ പോയിന്റുകളാണ് ഇതിനായി തുറന്നത്.
പൊട്ടാത്ത കുപ്പിയും ചില്ലുകളുമെല്ലാം ഗ്രീൻവാംസ് എന്ന കമ്പനിക്കാണ് കൈമാറുന്നത്. അടുത്ത ഘട്ടമായി ഉപയോഗയോഗ്യമല്ലാത്ത ബൾബ്, ട്യൂബ് ലൈറ്റ്, ടിവി, കമ്പ്യൂട്ടർ, ചെരുപ്പ്, ബാഗ് എന്നിവയും ശേഖരിക്കും. പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ജൂലി സാബു നിർവഹിച്ചു.
കൗൺസിലർമാരായ ഷൈനി ഏലിയാസ്, വത്സല വർഗീസ്, ജൂബി പൗലോസ്, ജോജിമോൻ ചാരുവിലായിൽ, ഹെൽത്ത് ഇൻസ്പെക്ടർ കെ. സിജു, അരുൺ കുമാർ, സി.എ. നാസർ എന്നിവർ പ്രസംഗിച്ചു.