ജൽ ജീവൻ പദ്ധതിയിൽ പൈപ്പിടാൻ കുഴിച്ചെടുത്ത മണ്ണിട്ട് നിലം നികത്തുന്നെന്ന്
1438457
Tuesday, July 23, 2024 7:24 AM IST
കരുമാലൂർ: കരുമാലൂർ പഞ്ചായത്തിൽ ജൽ ജീവൻ മിഷൻ പദ്ധതിയിൽ പൈപ്പിടുന്നതിനായി കുഴിച്ചെടുത്ത മണ്ണ് സ്വകാര്യവ്യക്തിയുടെ പാടശേഖരത്തിൽ നിക്ഷേപിച്ചതിനിതിരേ വ്യാപക പരാതി. മണ്ണ് ലേലം ചെയ്യാതെ നിലത്തിൽ നിക്ഷേപിച്ചതിനെതിരേ പ്രതിഷേധം ശക്തമാകുകയാണ്. കരുമാലൂർ പഞ്ചായത്തിലെ മനയ്ക്കപ്പടി-മാഞ്ഞാലി റോഡിൽനിന്നു കുഴിച്ചെടുത്ത ലോഡ് കണക്കിന് മണ്ണാണു സ്വകാര്യവ്യക്തികളുടെ പാടശേഖരത്തിൽ ഇട്ടിരിക്കുന്നത്. നിലം നികത്താനുള്ള ശ്രമമാണ് ഇതിനുപിന്നിലെന്നാണ് പരാതി ഉയർന്നിരിക്കുന്നത്.
കരുമാലൂർ പഞ്ചായത്തിൽ ഇത് രണ്ടാംവട്ടമാണ് ജലജീവൻ മിഷൻ പദ്ധതിയിൽ കുഴിച്ചെടുത്ത മണ്ണ് ഉപയോഗിച്ച് സ്വകാര്യവ്യക്തികളുടെ നിലം നികത്താൻ ശ്രമിക്കുന്നത്. പഞ്ചായത്ത് 17-ാം വാർഡിലാണ് ആദ്യം സംഭവം നടന്നത്. അന്ന് പരിശോധനയിൽ കാരക്കുളം ഭാഗത്ത് സ്വകാര്യവ്യക്തിയുടെ സ്ഥലം നികത്താനായി ലേലം ചെയ്യാനായി ഇട്ടിരുന്ന ലോഡ് കണക്കിന് മണ്ണ് ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. പഞ്ചായത്ത് നിയമിച്ച നാലംഗ അന്വേഷണ സംഘമാണ് പരിശോധന നടത്തിയത്.
നിലവിൽ പഞ്ചായത്ത് മൂന്നാം വാർഡ് പരിധിയിൽ നടന്നിരിക്കുന്നതും അത്തരം സംഭവമാണെന്നാണ് പരാതി. റോഡുകളിൽ നിന്നു കുഴിച്ചെടുക്കുന്ന മണ്ണ് ലേലം ചെയ്തു വിൽക്കുകയാണ് പതിവ് എന്നിരിക്കെ ഇത് അനധികൃതമായി സ്വകാര്യവ്യക്തിയുടെ നിലത്തിൽ നിക്ഷേപിച്ചതോടെയാണ് വിവാദമായത്. കുഴിച്ചെടുത്ത മണ്ണ് പഞ്ചായത്തിലെ ചില പ്രദേശങ്ങളിൽ നിന്ന് കടത്തിയതായും അന്വേഷണ സംഘം മാസങ്ങൾക്കു മുൻപ് കണ്ടെത്തിയിരുന്നു.
മണ്ണ് എത്രയും വേഗം ഇവിടെനിന്ന് തിരിച്ചെടുത്ത് ലേലം ചെയ്യുന്നതിനായി ജലജീവൻ മിഷന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് കരുമാലൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു പറഞ്ഞു.